റേറ്റിംഗില്‍ മുന്നില്‍ 'ടൂറിസ്റ്റ് ഫാമിലി', കളക്ഷനിലെ വ്യത്യാസം കുറയുന്നു

ആരാലും കൃത്യമായി പ്രവചിക്കാന്‍ സാധിക്കാത്തതാണ് സിനിമകളുടെ ജയപരാജയങ്ങള്‍. മികച്ച ടീമും വലിയ പ്രീ റിലീസ് പബ്ലിസിറ്റിയുമായൊക്കെ എത്തുന്ന ചിത്രങ്ങള്‍ പലപ്പോഴും പരാജയപ്പെടുമ്പോള്‍ കൊട്ടും കുരവയും ഇല്ലാതെ എത്തുന്ന മറ്റു ചില ചിത്രങ്ങള്‍ വലിയ ജനപ്രീതി നേടാറുണ്ട്. അത്തരം ചില ചിത്രങ്ങള്‍ ബോക്സ് ഓഫീസിലും സര്‍പ്രൈസ് സൃഷ്ടിക്കാറുണ്ട്. ഇപ്പോഴിതാ അക്കൂട്ടത്തിലേക്കുള്ള ഏറ്റവും പുതിയ എന്‍ട്രി തമിഴില്‍ നിന്നാണ്. നവാഗതനായ അബിഷന്‍ ജീവിന്ത് രചനയും സംവിധാനവും നിര്‍വ്വഹിച്ച ടൂറിസ്റ്റ് ഫാമിലി എന്ന ചിത്രമാണ് അത്. കാര്‍ത്തിക് സുബ്ബരാജ് ചിത്രം റെട്രോയ്ക്കൊപ്പം മെയ് 1 നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. അതിനാല്‍ത്തന്നെ ഇങ്ങനെ ഒരു ചിത്രം വരുന്നതായി കടുത്ത സിനിമാപ്രേമികളല്ലാതെ അറിഞ്ഞിട്ടുപോലും ഉണ്ടായിരുന്നില്ല. എന്നാല്‍ റിലീസ് ദിനത്തോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. റെട്രോ ഏറെക്കുറെ നെഗറ്റീവും അല്ലെങ്കില്‍ സമ്മിശ്രവുമായ അഭിപ്രായങ്ങള്‍ നേടിയപ്പോള്‍ ടൂറിസ്റ്റ് ഫാമിലി പ്രേക്ഷകരുടെ പ്രിയ ചിത്രമായി. 

പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‍ഫോം ആയ ബുക്ക് മൈ ഷോയില്‍ റെട്രോയ്ക്ക് ലഭിച്ചിരിക്കുന്ന ഓഡിയന്‍സ് റേറ്റിംഗ് 7.7 ആണെങ്കില്‍ ടൂറിസ്റ്റ് ഫാമിലിക്ക് ലഭിച്ചിരിക്കുന്നത് 9.5 റേറ്റിംഗ് ആണ്. അതായത് തുടരുമിന് ലഭിച്ചിരിക്കുന്ന റേഞ്ചിലുള്ള റേറ്റിംഗ് (9.4). മൂന്ന് ഭാഷകളിലായി (തമിഴ്, തെലുങ്ക്, ഹിന്ദി) ബിഗ് ബജറ്റില്‍ എത്തിയ റെട്രോയുടെ തമിഴ് പതിപ്പ് ആദ്യ ദിനം ഇന്ത്യയില്‍ നിന്ന് നേടിയ നെറ്റ് കളക്ഷന്‍ 17.25 കോടി ആയിരുന്നെങ്കില്‍ ടൂറിസ്റ്റ് ഫാമിലിയുടെ ആദ്യ ദിന കളക്ഷന്‍ 2 കോടി ആയിരുന്നു. എന്നാല്‍ റെട്രോ കളക്ഷന്‍ തുടര്‍ ദിനങ്ങളില്‍ വലിയ ഇടിവിന് സാക്ഷ്യം വഹിച്ചെങ്കില്‍ ടൂറിസ്റ്റ് ഫാമിലിയുടെ കളക്ഷനില്‍ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

റെട്രോ തമിഴ് പതിപ്പ് തിങ്കളാഴ്ച നേടിയത് (ഇന്ത്യ നെറ്റ്) 2.95 കോടി ആണെങ്കില്‍ ടൂറിസ്റ്റ് ഫാമിലി നേടിയിരിക്കുന്നത് 2.68 കോടിയാണ്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്കാണ് ഇത്. മറ്റൊരു ട്രാക്കര്‍ ആയ സിനിട്രാക്കിന്‍റെ കണക്ക് പ്രകാരം ഇന്ന് തമിഴ്നാട്ടില്‍ നിന്ന് റെട്രോ 1.41 കോടിയും ടൂറിസ്റ്റ് ഫാമിലി 1.22 കോടിയുമാകും നേടുക. സാക്നില്‍കിന്‍റെ ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം റെട്രോയുടെ മൂന്ന് ഭാഷാ പതിപ്പുകളും ചേര്‍ത്തുള്ള ഇതുവരെയുള്ള ആഗോള കളക്ഷന്‍ 78 കോടിയാണ്. ടൂറിസ്റ്റ് ഫാമിലിയുടേത് 12.83 കോടിയും. ചിത്രത്തിന് കേരളത്തിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ലോംഗ് റണ്‍ ലഭിക്കാന്‍ സാധ്യതയുള്ള ചിത്രവുമാണ് ഇത്. ഇരു ചിത്രങ്ങളുടെയും ബജറ്റ് പരിശോധിക്കുമ്പോള്‍ റെട്രോയേക്കാള്‍ വലിയ നേട്ടമാണ് ടൂറിസ്റ്റ് ഫാമിലി സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം