ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ നയൻതാര, കിയാര അദ്വാനി എന്നിവരടങ്ങുന്ന വലിയ താരനിരയുമുണ്ട്.

ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷം ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയ ചിത്രങ്ങളിലൊന്നായിരുന്നു ടോക്സിക്. കെജിഎഫ് 2 ന് ശേഷം കന്നഡ താരം യഷ് നായകനാവുന്ന ചിത്രം എന്നതായിരുന്നു പ്രധാന കാരണം. മലയാളിയായ സംവിധായിക ​ഗീതു മോഹന്‍ദാസ് ആണ് സംവിധാനം എന്നത് മലയാളി സിനിമാപ്രേമികളില്‍ കൗതുകം സൃഷ്ടിച്ച ഘടകമായിരുന്നു. തിരുവോണ ദിനമായിരുന്ന ഇന്നലെയാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. സമ്മിശ്ര പ്രതികരണമാണ് ആദ്യ ദിനം ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. എന്നാല്‍ കളക്ഷനെ അതൊന്നും നെ​ഗറ്റീവ് ആയി ബാധിച്ചില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഓപണിം​ഗ് കളക്ഷന്‍ എത്രയെന്ന് നിര്‍മ്മാതാക്കള്‍ തന്നെ അറിയിച്ചിട്ടുണ്ട്.

ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ ദിനം ചിത്രം 150 കോടി നേടിയെന്നാണ് നിര്‍‌മ്മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് അറിയിച്ചിരിക്കുന്നത്. യഷും ഗീതു മോഹൻദാസും ചേർന്ന് തിരക്കഥ രചിച്ച ചിത്രം കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിച്ചിട്ടുണ്ട്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ ഡബ്ബ് പതിപ്പുകൾ ഒരുക്കിയിട്ടുള്ള ചിത്രം, ആഗോള പ്രേക്ഷകരെയാണ് ലക്ഷ്യമിടുന്നത്. ദേശീയ അവാർഡ് ജേതാവായ രാജീവ് രവി (ഛായാഗ്രഹണം), രവി ബസ്രൂർ (സംഗീതം), ഉജ്വൽ കുൽക്കർണി (എഡിറ്റിംഗ്), ടി.പി. അബിദ് (പ്രൊഡക്ഷൻ ഡിസൈൻ). ആക്ഷൻ രംഗങ്ങൾ ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ.ജെ. പെറി (ജോൺ വിക്ക്), ദേശീയ അവാർഡ് ജേതാക്കളായ അൻപറിവ് ഒപ്പം കേച ഖംഫാക്ഡി എന്നിവർ ചേർന്നാണ് ഒരുക്കുന്നത്. വെങ്കട് കെ. നാരായണയും യാഷും ചേർന്ന് KVN പ്രൊഡക്ഷൻസ്, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നീ ബാനറുകളിൽ നിർമ്മിക്കുന്ന ടോക്സിക്, പിആര്‍ഒ പ്രതീഷ് ശേഖർ ആണ്.

നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, താര സുതാരിയ, രുക്മിണി വസന്ത് എന്നിവരടങ്ങുന്ന ശ്രദ്ധേയമായ താരനിരയും ചിത്രത്തിന്റെ ഭാഗമാണ്. റായയെയും ടിക്കറ്റിനെയും ചുറ്റിപ്പറ്റിയുള്ള സങ്കീർണമായ ലോകത്തിന് കൂടുതൽ തലങ്ങൾ നൽകുന്നതാണ് ഇവരുടെ കഥാപാത്രങ്ങൾ. ക്രൈം, അധികാരം, ആഗ്രഹങ്ങൾ എന്നിവ നിറഞ്ഞ വിശാലമായ ലോകത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ‘ടോക്സിക്’, ആക്ഷനും ഡ്രാമയും സങ്കീർണമായ മാനുഷിക ബന്ധങ്ങളും കോർത്തിണക്കുന്ന കഥയാണ് പറയുന്നത്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | Kerala Onam 2026