Asianet News MalayalamAsianet News Malayalam

കൊവിഡിനു ശേഷം രണ്ട് 50 കോടി ക്ലബ്ബ് ചിത്രങ്ങള്‍; ബോക്സ് ഓഫീസ് കിംഗ് ആയി പൃഥ്വിരാജ്

ജന ഗണ മനയ്ക്കു മുന്‍പുള്ള പൃഥ്വിരാജിന്‍റെ തിയറ്റര്‍ റിലീസ് അയ്യപ്പനും കോശിയും ആയിരുന്നു

two 50 crore club movies for prithviraj sukumaran jana gana mana and kaduva
Author
Thiruvananthapuram, First Published Aug 9, 2022, 10:28 AM IST

ലോകമാകെ സിനിമാ, തിയറ്റര്‍ വ്യവസായങ്ങള്‍ക്ക് വലിയ തിരിച്ചടി നേരിട്ട കാലമായിരുന്നു കൊവിഡ് മഹാമാരിയുടെ കാലം. സാമ്പത്തികമായ അതിജീവനം ഒരു വലിയ വിഭാഗത്തിന് ദുഷ്കരമായപ്പോള്‍ വിനോദ മാര്‍ഗങ്ങള്‍ക്കായി നീക്കിവെക്കാന്‍ പണം ഉണ്ടായില്ല എന്നതാണ് വാസ്തവം. നീണ്ട അടച്ചിടല്‍ കഴിഞ്ഞ് തുറന്ന തിയറ്ററുകളിലേക്ക് പ്രേക്ഷകരെ തിരികെയെത്തിച്ച ചിത്രങ്ങള്‍ വിവിധ ഭാഷകളിലുണ്ട്. തമിഴില്‍ വിജയ് ചിത്രം മാസ്റ്ററും ശിവകാര്‍ത്തികേയന്‍റെ ഡോക്ടറുമൊക്കെ ആ ധര്‍മ്മം നിര്‍വ്വഹിച്ചപ്പോള്‍ മലയാളത്തില്‍ അത് ദുല്‍ഖര്‍ സല്‍മാന്‍റെ കുറുപ്പും മമ്മൂട്ടിയുടെ ഭീഷ്‍മപര്‍വ്വവുമൊക്കെ ആയിരുന്നു. എന്നാല്‍ കൊവിഡ് കാലത്തിനു ശേഷം മലയാളത്തില്‍ ഒന്നിലേറെ ചിത്രങ്ങള്‍ സാമ്പത്തികമായി വിജയിപ്പിച്ച ഒരേയൊരു താരമേയുള്ളൂ. പൃഥ്വിരാജ് സുകുമാരനാണ് അത്.

കൊവിഡ് കാലത്തിനു ശേഷം സജീവമായ തിയറ്ററുകളില്‍ പൃഥ്വിരാജ് നായകനായ രണ്ട് ചിത്രങ്ങളാണ് വന്‍ സാമ്പത്തിക വിജയം നേടിയത്. ഡിജോ ജോസ് ആന്‍റണി സംവിധാനം ചെയ്‍ത ലീഗല്‍ ത്രില്ലര്‍ ചിത്രം ജനഗണമനയും ഷാജി കൈലാസ് സംവിധാനം ചെയ്‍ത മാസ് മസാല ചിത്രം കടുവയും. പ്രമേയത്തെക്കുറിച്ച് കാര്യമായ സൂചനകളൊന്നുമില്ലാതെ എത്തിയ ജനഗണമനയുടെ റിലീസ് ഏപ്രില്‍ 28ന് ആയിരുന്നു. എന്നാല്‍ പറയുന്ന വിഷയത്തിലെ ഗൌരവവും സാങ്കേതിക മികവും പൃഥ്വി- സുരാജ് കോമ്പിനേഷനുമൊക്കെ ചിത്രത്തിന് ഗുണമായി. ആദ്യദിനം മുതല്‍ മികച്ച മൌത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രം യഥാര്‍ഥത്തില്‍ ഒരു സ്ലീപ്പര്‍ ഹിറ്റ് ആയിരുന്നു. കേരളത്തിന് പുറത്തുള്ള സെന്‍ററുകളിലും ബോക്സ് ഓഫീസ് മികവ് പുലര്‍ത്തിയ ചിത്രം പിന്നാലെ നെറ്റ്ഫ്ലിക്സിലൂടെയുള്ള ഒടിടി റിലീസിലൂടെ മറുഭാഷാ പ്രേക്ഷകരുടെയും കൈയടി നേടി. മെയ് 24ന് ആണ് ചിത്രം 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചതായി നിര്‍മ്മാതാക്കള്‍ അറിയിച്ചത്.

two 50 crore club movies for prithviraj sukumaran jana gana mana and kaduva

 

അതേസമയം സിനിമാപ്രേമികളില്‍ റിലീസിനു മുന്‍പേ വലിയ കൌതുകം പകര്‍ന്ന പ്രോജക്റ്റ് ആയിരുന്നു കടുവ. എട്ട് വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷം മാസ് മസാല സിനിമകളുടെ മാസ്റ്റര്‍ ഷാജി കൈലാസിന്‍റെ തിരിച്ചുവരവ് ചിത്രം എന്നതായിരുന്നു കടുവയുടെ യുഎസ്‍പി. ജൂലൈ 7ന് തിയറ്ററുകളിലെത്തിയ ചിത്രം എന്താണോ വാഗ്‍ദാനം ചെയ്‍തത് അത് നല്‍കുന്നതില്‍ വിജയിച്ചു എന്നായിരുന്നു തിയറ്ററുകളില്‍ നിന്ന് ഉയര്‍ന്ന പ്രേക്ഷക പ്രതികരണം. ഫലം മികച്ച ഇനിഷ്യലാണ് ചിത്രത്തിന് ലഭിച്ചത്. കേരളത്തിന് പുറത്തുള്ള സെന്‍ററുകളിലും ആ പ്രതികരണം ലഭിച്ചതോടെ ബോക്സ് ഓഫീസ് വിജയമായി മാറി കടുവ. ഒപ്പം ഷാജി കൈലാസിന്‍റെ തിരിച്ചുവരവായും അത് അടയാളപ്പെട്ടു. ഓഗസ്റ്റ് 1ന് ആണ് ചിത്രം 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചതായി നിര്‍മ്മാതാക്കള്‍ അറിയിച്ചത്.

ALSO READ : 'ഇന്ത്യന്‍ 2'ല്‍ നെടുമുടി വേണുവിന്‍റെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കുക നന്ദു പൊതുവാള്‍?

Follow Us:
Download App:
  • android
  • ios