ചിത്രത്തിന്‍റെ ആദ്യ പോസ്റ്ററും റിലീസ് തീയതിയുമൊക്കെ റിലീസിന് ഒരാഴ്ച മുന്‍പ് മാത്രമാണ് എത്തിയത്

സിനിമകളുടെ ബോക്സ് ഓഫീസ് കണക്കുകള്‍ ഇന്ന് വാര്‍ത്താപ്രാധാന്യം നേടുന്ന ഒന്നാണ്. കളക്ഷന്‍ കൂടിയാലും കുറഞ്ഞാലുമൊക്കെ അത് വാര്‍ത്തയാവാറുണ്ട്. കുറഞ്ഞ കളക്ഷന്‍റെ പേരില്‍ അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞത് കങ്കണ റണൌത്ത് കേന്ദ്ര കഥാപാത്രമായെത്തിയ ഹിന്ദി ചിത്രം തേജസ് ആയിരുന്നു. 60 കോടി ബജറ്റിലെത്തിയ ചിത്രം കഴിഞ്ഞ ദിവസം വരെ നേടിയത് 6 കോടി മാത്രമായിരുന്നു! എന്നാല്‍ ബോക്സ് ഓഫീസ് കളക്ഷന്‍റെ കാര്യത്തിനേക്കാള്‍ ഈ ചിത്രത്തെ ബഹുദൂരം പിന്നിലാക്കി ബോളിവുഡില്‍ നിന്നുതന്നെ മറ്റൊരു ചിത്രം എത്തിയിരിക്കുകയാണ് ഇപ്പോള്‍. അജയ് ബാലിന്‍റെ സംവിധാനത്തില്‍ ഈ വെള്ളിയാഴ്ച (നവംബര്‍ 3) തിയറ്ററുകളിലെത്തിയ ദി ലേഡി കില്ലര്‍ എന്ന ചിത്രമാണ് അത്.

ചിത്രത്തിന്‍റെ ആദ്യ പോസ്റ്ററും റിലീസ് തീയതിയുമൊക്കെ റിലീസിന് ഒരാഴ്ച മുന്‍പ് മാത്രമാണ് എത്തിയത്. റിലീസിന് ഏതാനും ദിവസം മുന്‍പ് മാത്രം ട്രെയ്‍ലറും. എന്തുകൊണ്ടാണ് ഇത്ര അശ്രദ്ധമായി ഒരു സിനിമയുടെ റിലീസിനെ നോക്കിക്കണ്ടതെന്ന് ചോദിച്ചാല്‍ ഇത് ഒരു അപൂര്‍ണ്ണ ചിത്രം ആണെന്നതാണ് ഉത്തരം! അതെ, ചിത്രീകരണം പൂര്‍ത്തിയാക്കാതിരുന്ന ചിത്രം എഡിറ്റിംഗ് ടേബിളില്‍ ഒരു വിധത്തില്‍ ഒപ്പിച്ച് തിയറ്ററുകളില്‍ എത്തിക്കുകയായിരുന്നു! നിര്‍മ്മാതാക്കള്‍ ഇത് സമ്മതിച്ചിട്ടില്ലെങ്കിലും ബോളിവുഡ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളില്‍ത്തന്നെ എത്തിയിരിക്കുന്ന വിശ്വസനീയമായ റിപ്പോര്‍ട്ടുകള്‍ ഇപ്രകാരമാണ്...

ബിഎ പാസ്, സെക്ഷന്‍ 375 അടക്കമുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ അജയ് ബാല്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം ശൈലേഷ് ആര്‍ സിംഗും സാഹില്‍ മിര്‍ചന്ദാനിയും ചേര്‍ന്ന് ആണ്. 45 കോടിയാണ് നിര്‍മ്മാതാക്കള്‍ക്ക് ചെലവായത്. എന്നാല്‍ ചിത്രീകരണം പൂര്‍ത്തിയായിരുന്നില്ല. ഷൂട്ടിംഗ് പുനരാരംഭിക്കാന്‍ 4- 5 കോടി വേണ്ടിയിരുന്നു. തുടര്‍ന്നാണ് ചിത്രീകരണം ഇനി തുടരേണ്ടതില്ലെന്ന് നിര്‍മ്മാതാക്കളുടെ ഭാഗത്തുനിന്ന് തീരുമാനം വന്നതെന്ന് ഇന്ത്യ ടൈംസിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. തിരക്കഥയില്‍ ഉണ്ടായിരുന്നതിന്‍റെ 80 ശതമാനം മാത്രമാണ് പൂര്‍ത്തിയായിരുന്നതെന്നും 20 ശതമാനം ചിത്രീകരിച്ചില്ലെന്നുമാണ് റിപ്പോര്‍ട്ട്. ഈ കുറവ് എഡിറ്റിംഗ് ടേബിളില്‍ പരിഹരിക്കാനായിരുന്നു നിര്‍മ്മാതാക്കളുടെ ശ്രമം. വോയ്സ് ഓവറും എഴുത്തും വച്ചാണ് ഫൂട്ടേജ് ഇല്ലായ്മയെ അണിയറക്കാര്‍ മറികടക്കാന്‍ ശ്രമിച്ചത്. അതിനാല്‍ത്തന്നെ സിനിമയുടെ മൊത്തത്തിലുള്ള ഗുണനിലവാരത്തെ ഇത് കാര്യമായി ബാധിച്ചു.

10 ദിവസത്തെ ഷൂട്ട് ആണ് പൂര്‍ത്തിയാക്കാന്‍ ഉണ്ടായിരുന്നതെന്നും അതിനകം തന്നെ വിചാരിച്ചതിലുമധികം ബജറ്റ് ആയതിനാലാണ് ഇനിയും ഇതില്‍ പണം മുടക്കേണ്ടതില്ലെന്ന് നിര്‍മ്മാതാക്കള്‍ തീരുമാനത്തിലെത്തിയതെന്നും ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ ഒരു ഒടിടി പ്ലാറ്റ്ഫോമുമായി ആഫ്റ്റര്‍ തിയറ്റര്‍ റിലീസിന് കരാര്‍ ആയിരുന്നെന്നും അതുകൊണ്ട് മാത്രമാണ് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്തതെന്നും ഹംഗാമയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. നെറ്റ്ഫ്ലിക്സ് ആണ് ഈ ഒടിടി പ്ലാറ്റ്ഫോം എന്നാണ് അറിയുന്നത്. അതേസമയം ചിത്രീകരണം പൂര്‍ത്തിയാക്കാതിരുന്നതിന് മറ്റൊരു കാരണമാണുള്ളതെന്നും ഒരു വാദം പ്രചരിക്കുന്നുണ്ട്. ഉത്തരാഖണ്ഡിലെ പെരുമഴ കാരണം 5- 10 ദിവസത്തെ ചിത്രീകരണം തുടരാനാവാതെ വരികയായിരുന്നുവെന്നാണ് ഈ വാദം.

ഇപ്പോഴിതാ ഇത്തരത്തില്‍ വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ ആദ്യദിന കളക്ഷന്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകളും എത്തിയിരിക്കുകയാണ്. കാര്യമായ പ്രൊമോഷനുകളൊന്നുമില്ലാതെ തിയറ്ററുകളിലെത്തിയ ചിത്രത്തിന്‍റേതായി ആദ്യദിനം വിറ്റുപോയത് 293 ടിക്കറ്റുകള്‍ മാത്രമാണ്! അതിലൂടെ ഇന്ത്യയൊട്ടാകെ ലഭിച്ച കളക്ഷന്‍ 38,000 രൂപയും! ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ത്തന്നെ ഇത്രയും ഉയര്‍ന്ന ബജറ്റിലെത്തിയ ഒരു ചിത്രത്തിന് ആദ്യദിനം ഇത്രയും കുറവ് കളക്ഷന്‍ ലഭിക്കുന്നത് ഒരുപക്ഷേ ആദ്യമായിട്ടായിരിക്കും.

ALSO READ : അത് നാളെ അറിയാം! കമല്‍ ഹാസന്‍- മണി രത്നം; വന്‍ പ്രഖ്യാപനത്തിനുള്ള കാത്തിരുപ്പില്‍ കോളിവുഡ്

The Lady Killer (Trailer): Arjun Kapoor,Bhumi Pednekar | Ajay Bahl |SCIPL |Releasing on 3rd Nov 2023