Asianet News MalayalamAsianet News Malayalam

വര്‍ഷം 15 കഴിഞ്ഞാലെന്ത്, റീ റിലീസിലും എങ്ങും ഹൗസ്‍ഫുള്‍ ഷോകള്‍! കര്‍ണാടകയിലും റെക്കോര്‍ഡിട്ട് ആ സൂര്യ ചിത്രം

തമിഴ് പതിപ്പാണ് 4 കെ ദൃശ്യമികവോടെ കര്‍ണാടകത്തില്‍ പ്രദര്‍ശനത്തിനെത്തിയത്

Vaaranam Aayiram karnataka re release box office suriya sivakumar gautham vasudev menon nsn
Author
First Published Feb 26, 2024, 5:39 PM IST

ഏത് താരത്തിന്‍റെ ആരാധകര്‍ക്കും തിയറ്ററില്‍ റീവാച്ച് ചെയ്യാന്‍ താല്‍പര്യമുള്ള ചില സിനിമകളുണ്ട്. ഏതെങ്കിലുമൊക്കെ തരത്തില്‍ അവരുടെ സവിശേഷ പ്രിയം നേടിയ ചിത്രങ്ങളായിരിക്കും അത്. തമിഴ് താരം സൂര്യയുടെ ആരാധകരെ സംബന്ധിച്ച് എപ്പോള്‍ തിയറ്ററുകളില്‍ റീ റിലീസ് ചെയ്യപ്പെട്ടാലും ഉറപ്പായും ഹൗസ്‍ഫുള്‍ ആവുന്ന ഒരു ചിത്രമുണ്ട്. ഗൗതം വസുദേവ് മേനോന്‍റെ സംവിധാനത്തില്‍ 2008 ല്‍ പുറത്തിറങ്ങിയ വാരണം ആയിരം ആണ് അത്. പല ഇടങ്ങളില്‍ പല സമയത്തായി റീ റിലീസ് ചെയ്യപ്പെട്ട ചിത്രമാണിത്. അപ്പോഴൊക്കെയും തിയറ്ററുകള്‍ നിറച്ച് സിനിമാപ്രേമികള്‍ എത്തിയിട്ടുണ്ട്. ഇപ്പോഴിതാ കര്‍ണാടകത്തിലെ റീ റിലീസിലും ചിത്രം തരംഗം തീര്‍ക്കുകയാണ്.

ചിത്രത്തിന്‍റെ തമിഴ് പതിപ്പാണ് 4 കെ ദൃശ്യമികവോടെ കര്‍ണാടകത്തില്‍ പ്രദര്‍ശനത്തിനെത്തിയത്. 450 ല്‍ അധികം ഷോകളാണ് ചിത്രം ഇതിനകം അവിടെ പൂര്‍ത്തിയാക്കിയിരിക്കുന്നത്. അതില്‍ നിന്നുള്ള ബോക്സ് ഓഫീസ് നേട്ടം ഒരു കോടിയില്‍ അധികവും. കര്‍ണാടകത്തില്‍ ഒരു കന്നഡ- ഇതര ചിത്രത്തിന് റീ റിലീസില്‍ ലഭിക്കുന്ന റെക്കോര്‍ഡ് കളക്ഷനാണ് ഇത്. ബാഷയുടെ റീ റിലീസ് റെക്കോര്‍ഡ് ആണ് വാരണം ആയിരം തകര്‍ത്തത്. റീ റിലീസില്‍ കര്‍ണാടകത്തില്‍ നിന്ന് ബാഷ നേടിയത് 48 ലക്ഷം ആയിരുന്നു. വിജയ് നായകനായ ഖുഷി 40 ലക്ഷവും.

അതേസമയം വാരണം ആയിരത്തിന്‍റെ റീ റിലീസ് ബോക്സ് ഓഫീസ് ഇവിടെ കൊണ്ടും അവസാനിച്ചിട്ടില്ല. 30 ല്‍ അധികം ഷോകള്‍ ഇപ്പോഴും കളിക്കുന്നുണ്ട്. അവയ്ക്ക് ഭേദപ്പെട്ട ഒക്കുപ്പന്‍സിയില്‍ പ്രേക്ഷകരും എത്തുന്നുണ്ട്. റിലീസ് സമയത്ത് മികച്ച ബോക്സ് ഓഫീസ് വിജയം നേടിയ ചിത്രത്തിന് ആ വര്‍ഷത്തെ മികച്ച തമിഴ് ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് അടക്കം നിരവധി പുരസ്കാരങ്ങളും ലഭിച്ചിരുന്നു.

ALSO READ : ക്യാമറയ്ക്ക് മുന്നിലെത്തിയപ്പോള്‍ അടിമുടി മാറ്റം; പ്രേക്ഷകരുടെ ഇഷ്ടം നേടി 'മഞ്ഞുമ്മലി'ലെ സിജു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

Follow Us:
Download App:
  • android
  • ios