'വാഴ 2' ബോക്സ് ഓഫീസില്‍ വന്‍ തരംഗമായി മാറുന്നു. ആദ്യ മൂന്ന് ദിവസം കൊണ്ട് ഒരു പ്രധാന നേട്ടം

മലയാളത്തില്‍ സമീപകാലത്ത് ഏറ്റവും ജനപ്രീതി നേടിയ ചിത്രങ്ങളിലൊന്നായി മാറിയിരിക്കുകയാണ് വാഴ 2. ബയോപിക് ഓഫ് എ ബില്യണ്‍ ബോയ്സ് എന്ന ടാഗ് ലൈനില്‍ 2024 ല്‍ എത്തിയ വാഴയുടെ സീക്വല്‍ ആണ് ഇപ്പോള്‍ തിയറ്ററുകളില്‍ എത്തിയിരിക്കുന്ന ചിത്രം. ബയോപിക് ഓഫ് എ ബില്യണ്‍ ബ്രോസ് എന്ന ടാഗ് ലൈനില്‍ എത്തിയിരിക്കുന്ന പുതിയ ചിത്രത്തിന്‍റെ പ്രമേയം സാഹോദര്യ ബന്ധത്തെക്കുറിച്ചാണ്. ജനപ്രീതി നേടിയ വാഴയുടെ രണ്ടാം ഭാഗമെന്ന നിലയില്‍ വലിയ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു വാഴ 2. ആദ്യ ദിനം വന്‍ പോസിറ്റീവ് അഭിപ്രായം വന്നതോടെ ബോക്സ് ഓഫീസില്‍ കുതിപ്പ് ഉറപ്പായിരുന്നു. എന്നാല്‍ ഇന്‍ഡസ്ട്രിയുടെ പ്രതീക്ഷകള്‍ക്കും അപ്പുറത്തേക്കാണ് ചിത്രത്തിന്‍റെ മുന്നേറ്റം.

Add Asianetnews as a Preferred SourcegooglePreferred

അഡ്വാന്‍സ് ബുക്കിംഗിലൂടെ കേരളത്തില്‍ നിന്ന് മാത്രം 1.50 കോടി നേടിയിരുന്ന ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ ദിനം നേടിയത് 10.5 കോടി ആണ്. വ്യാഴാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ശനിയാഴ്ച വരെയുള്ള മൂന്ന് ദിനങ്ങളില്‍ നിന്ന് നേടിയത് 45.5 കോടിയാണ്. ആഗോള ബോക്സ് ഓഫീസില്‍ നിന്നുള്ള സംഖ്യയാണ് ഇത്. ഒരു വലിയ റെക്കോര്‍ഡ് ഇതിലൂടെ ചിത്രം സ്വന്തമാക്കിയിട്ടുമുണ്ട്. ആദ്യ ഭാഗത്തിന്‍റെ ലൈഫ് ടൈം കളക്ഷന്‍ ആദ്യ മൂന്ന് ദിവസം കൊണ്ട് തന്നെ മറികടന്നു എന്ന റെക്കോര്‍ഡ് ആണ് ഇത്.

2024 ല്‍ പുറത്തെത്തിയ വാഴയുടെ ലൈഫ് ടൈം ആഗോള ഗ്രോസ് 41.75 കോടി ആയിരുന്നു. അതേസമയം ഞായറാഴ്ചത്തേത് കൂടി ചേര്‍ത്തുള്ള, ചിത്രത്തിന്‍റെ ആദ്യ വാരാന്ത്യ കളക്ഷന്‍ എത്രയെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ഇന്‍ഡസ്ട്രി. അത് വലിയ സംഖ്യ ആയിരിക്കുമെന്ന് ഉറപ്പാണ്. സിജു സണ്ണി, അമിത് മോഹന്‍ രാജേശ്വരി, ജോമോന്‍ ജ്യോതിര്‍ തുടങ്ങിയവരായിരുന്നു വാഴയിലെ പ്രധാന താരങ്ങളെങ്കില്‍ ഹാഷിര്‍, അലന്‍ ബിന്‍ സിറാജ്, അജിന്‍ ജോയ്, വിനായക് എന്നിവരാണ് വാഴ 2 ലെ പ്രധാന താരങ്ങള്‍. എല്ലാവരും റീല്‍സുകളിലൂടെ മുന്‍പേ ജനപ്രീതി നേടിയവര്‍. സംവിധായകരും വ്യത്യാസമുണ്ട്. ആദ്യ ഭാഗം ഒരുക്കിയത് ആനന്ദ് മേനന്‍ ആയിരുന്നെങ്കില്‍ രണ്ടാം ഭാഗം സംവിധാനം ചെയ്തത് സവിന്‍ സ ആണ്. രണ്ട് ചിത്രങ്ങളുടെയും രചന സംവിധായകന്‍ വിപിന്‍ ദാസ് ആണ്. രണ്ട് ചിത്രങ്ങളുടെയും നിര്‍മ്മാതാക്കളില്‍ ഒരാള്‍ കൂടിയാണ് വിപിന്‍ ദാസ്.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News