ബോളിവുഡ് നടി ഷെഫാലി ജരിവാലയുടെ മരണ വാർത്ത മാധ്യമങ്ങൾ കൈകാര്യം ചെയ്ത രീതിയെ വിമർശിച്ച് വരുൺ ധവാൻ രംഗത്ത്. നടിയുടെ അന്ത്യകർമ്മങ്ങളിൽ മാധ്യമങ്ങൾ ദുഃഖം ചിത്രീകരിക്കുന്നതിനെ വരുൺ ചോദ്യം ചെയ്തു.

മുംബൈ: പ്രശസ്ത ബോളിവുഡ് നടിയും 'കാത്താ ലഗ' എന്ന സംഗീത വീഡിയോയിലൂടെ പ്രശസ്തയായ ഷെഫാലി ജരിവാല (42) വെള്ളിയാഴ്ച രാത്രിയാണ് അന്തരിച്ചത്. എന്നാല്‍ ഈ വാര്‍ത്തയെ മാധ്യമങ്ങള്‍ കവര്‍ ചെയ്ത രീതിയെ വിമര‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ബോളിവുഡ് താരം വരുൺ ധവാൻ.

ഷെഫാലിയുടെ ഭർത്താവ് പരാഗ് ത്യാഗിയാണ് മുംബൈയിലെ ബെൽവ്യൂ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിൽ വെള്ളിയാഴ്ച രാത്രി ഷെഫാലിയെ എത്തിച്ചത്. എന്നാല്‍ തുടര്‍ന്ന് ഡോക്ടർമാർ നടിയുടെ മരണം സ്ഥിരീകരിച്ചു. പ്രാഥമിക റിപ്പോർട്ടുകൾ ഹൃദയാഘാതമാണ് മരണകാരണമെന്ന് സൂചിപ്പിച്ചെങ്കിലും, മുംബൈ പോലീസ് പോസ്റ്റ്മോർട്ടം നടത്തി മരണകാരണം സ്ഥരീകരിച്ചു.

അതേ സമയം ശനിയാഴ്ച മുംബൈയിൽ നടന്ന ഷെഫാലിയുടെ അന്ത്യകർമ്മങ്ങളിൽ, ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ദുഃഖം ക്യാമറകളിൽ പകർത്താൻ മാധ്യമങ്ങൾ മത്സരിച്ചു. പരാഗ് ത്യാഗി തന്നെ ദുഃഖാകുലനായി, മാധ്യമങ്ങളോട് തന്റെ ഭാര്യയ്ക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും, ഈ ദുഃഖമുഹൂർത്തത്തെ "നാടക"മാക്കരുതെന്നും കൈകൂപ്പി അഭ്യർത്ഥിക്കുന്ന സ്ഥിതി പോലും ഉണ്ടായി.

ഈ സംഭവത്തോട് പ്രതികരിച്ച വരുൺ ധവാൻ ഞായറാഴ്ച തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ മാധ്യമങ്ങളെ വിമർശിച്ചു. "വീണ്ടും ഒരു ആത്മാവിന്റെ വേർപാട് മാധ്യമങ്ങൾ വളരെ മോശമായി കവർ ചെയ്യുന്നു. എന്തിനാണ് ഒരാളുടെ ദുഃഖം ഇങ്ങനെ ചിത്രീകരിക്കുന്നത്? ഇത് എല്ലാവരെയും അസ്വസ്ഥരാക്കുന്നു. ഇതിന്റെ ഗുണം എന്താണ്? എന്റെ മാധ്യമ സുഹൃത്തുക്കളോട് എന്റെ അപേക്ഷ, ആരും തങ്ങളുടെ അന്ത്യയാത്ര ഇങ്ങനെ കവർ ചെയ്യപ്പെടാൻ ആഗ്രഹിക്കില്ല" എന്നാണ് വരുണ്‍ എഴുതിയത്.

2002-ൽ 'കാന്താ ലഗ' എന്ന റീമിക്സ് സംഗീത വീഡിയോയിലൂടെ 'കാത്താ ലഗ ഗേൾ' എന്ന പേര് നേടിയ ഷെഫാലി, 'നച് ബലിയേ', 'ബിഗ് ബോസ് 13' തുടങ്ങിയ റിയാലിറ്റി ഷോകളിലൂടെയും, 'മുജ്സേ ഷാദി കരോഗി' എന്ന ചലച്ചിത്രത്തിലെ ചെറിയ വേഷത്തിലൂടെയും പ്രേക്ഷക ഹൃദയങ്ങളിൽ ഇടംനേടി. അവരുടെ പെട്ടെന്നുള്ള വേർപാട് വിനോദ ലോകത്തെ ഞെട്ടിച്ചിരുന്നു.