ലോകമെമ്പാടും 6000 സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്

യഷിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്‍ത കെജിഎഫ് എന്ന ചിത്രത്തോടെയാണ് മുഖ്യധാരാ കന്നഡ സിനിമ കര്‍ണ്ണാടകത്തിന് പുറത്തേക്ക് അറിയപ്പെട്ടു തുടങ്ങിയത്. തുടര്‍ന്ന് ഈ വര്‍ഷം പുറത്തെത്തിയ കെജിഎഫ് രണ്ടാം ഭാഗവും വന്‍ വിജയമാണ് നേടിയത്. ഇപ്പോഴിതാ കന്നഡത്തില്‍ നിന്നെത്തിയ മറ്റൊരു പാന്‍ ഇന്ത്യന്‍ ചിത്രവും മികച്ച ബോക്സ് ഓഫീസ് വിജയം നേടുകയാണ്. കിച്ച സുദീപ് (Kichcha Sudeep) നായകനായ വിക്രാന്ത് റോണയാണ് (Vikrant Rona) ആ ചിത്രം. വ്യാഴാഴ്ച തിയറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ ആദ്യ മൂന്ന് ദിവസത്തെ കളക്ഷന്‍ 28.25 കോടിയാണെന്ന് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു.

കാന്‍വാസിന്‍റെ വലിപ്പം കൊണ്ട് വലിയ പ്രീ- റിലീസ് ഹൈപ്പ് നേടിയിരുന്ന ചിത്രം റിലീസ് ദിനത്തില്‍ നേടിയത് 13.50 കോടിയായിരുന്നു. വെള്ളിയാഴ്ച 6.50 കോടിയും വെള്ളിയാഴ്ച 8.25 കോടിയും ചിത്രം നേടി. ഇതില്‍ കര്‍ണാടകത്തില്‍ നിന്നാണ് 18.50 കോടിയും. തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് 4.10 കോടിയും തമിഴ്നാട്ടിലും കേരളത്തില്‍ നിന്നുമായി 1.75 കോടിയും ഉത്തരേന്ത്യന്‍ മാര്‍ക്കറ്റുകളില്‍ നിന്ന് 3.90 കോടിയും ചിത്രം നേടി. ഞായറാഴ്ചത്തെ കളക്ഷനില്‍ വര്‍ധനവ് രേഖപ്പെടുത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രതീക്ഷ. നാല് ദിന വാരാന്ത്യത്തിലെ ആകെ കളക്ഷന്‍ 37- 38 കോടി വരുമെന്നും അവര്‍ കണക്ക് കൂട്ടുന്നു.

ALSO READ : ബോക്സ് ഓഫീസില്‍ സുരേഷ് ഗോപിയുടെ തിരിച്ചുവരവ്; പാപ്പന്‍ ആദ്യദിനം നേടിയത്

ലോകമെമ്പാടും 6000 സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. അനൂപ് ഭണ്ടാരി സംവിധാനം ചെയ്യുന്ന ചിത്രം ഫാന്റസി ആക്ഷൻ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. ശാലിനി ജാക്ക് മഞ്ജുവും അലങ്കാർ പാണ്ഡ്യനും ചേർന്നു നിർമ്മിച്ച ചിത്രത്തിൽ സുദീപിന്റെ കിച്ച ക്രിയേഷൻസും നിർമ്മാണത്തിൽ പങ്കാളിയാണ്. വില്യം ഡേവിഡ് ആണ് കാമറക്ക് പിന്നിൽ. ബി അജിനേഷ് ലോകനാഥ്‌ ആണ് സംഗീത സംവിധായകൻ. ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെയറര്‍ ഫിലിംസാണ്. ദുൽഖർ ആദ്യമായി പ്രദർശനത്തിനെത്തിക്കുന്ന അന്യഭാഷാ പാൻ ഇന്ത്യാ ചിത്രമാണ് ഇത്.