കറുപ്പ് എന്ന ചിത്രത്തിന് ശേഷം സൂര്യയുടെ കരിയറിലെ മറ്റൊരു വമ്പന്‍ വിജയമായി മാറിയിരിക്കുകയാണ് വിശ്വനാഥ് ആന്‍ഡ് സണ്‍സ്

കരിയറില്‍ സമീപ വര്‍ഷങ്ങളില്‍ തന്‍റെ താരമൂല്യത്തിന് ചേര്‍ന്നുള്ള വിജയം ലഭിക്കാതിരുന്ന താരമായിരുന്നു സൂര്യ. എന്നാല്‍ ഈ വര്‍ഷം മെയ് മാസത്തില്‍ എത്തിയ കറുപ്പ് എന്ന ചിത്രത്തിലൂടെ അതിന് മാറ്റം സംഭവിച്ചു. സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക വിജയമായി അത് മാറി. ചിത്രം 300 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. ഓഗസ്റ്റില്‍ എത്തിയ വിശ്വനാഥ് ആന്‍ഡ് സണ്‍സ് എന്ന ചിത്രവും പ്രേക്ഷകപ്രീതിയും ബോക്സ് ഓഫീസ് വിജയവും നേടി. ഓഗസ്റ്റ് 14 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം കഴിഞ്ഞ ദിവസം ഒടിടിയിലും പ്രദര്‍ശനം ആരംഭിച്ചിരുന്നു, ഇപ്പോഴിതാ ചിത്രത്തിന്‍റെ ഫൈനല്‍ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തെത്തിയിരിക്കുകയാണ്.

തമിഴ്നാട്ടില്‍ നിന്ന് 56 കോടി നേടിയ ചിത്രം തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് 58.50 കോടി രൂപയും നേടി. കര്‍ണാടകത്തില്‍ നിന്ന് മറ്റൊരു 16.75 കോടിയും. കേരളത്തിലാണ് ചിത്രം വലിയ കളക്ഷന്‍ നേടാതിരുന്നത്. 8.10 കോടി ആണ് കേരളത്തില്‍ നിന്ന് ലഭിച്ച കളക്ഷന്‍. റെസ്റ്റ് ഓഫ് ഇന്ത്യയില്‍ നിന്ന് 1.50 കോടി. അങ്ങനെ ഇന്ത്യയില്‍ നിന്ന് ആകെ 140.85 കോടി. വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 67.85 കോടി രൂപയും ചിത്രം നേടി. അങ്ങനെ ആകെ 208.70 കോടി രൂപ. സൂര്യയുടെ കരിയറിലെ രണ്ടാമത്തെ ഏറ്റവും വലിയ കളക്ഷനാണ് ഇത്. പ്രമുഖ പ്ലാറ്റ്‍ഫോം ആയ നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം ഒടിടി റിലീസ് ആയി എത്തിയിരിക്കുന്നത്.

ലക്കി ഭാസ്കര്‍ എന്ന ചിത്രത്തിലൂടെ നേരത്തേ ശ്രദ്ധ നേടിയിട്ടുള്ള വെങ്കി അറ്റ്ലൂരിയാണ് വിശ്വനാഥ് ആന്‍ഡ് സണ്‍സിന്‍റെ സംവിധാനം. മമിത ബൈജുവാണ് ചിത്രത്തിലെ നായികയായി എത്തിയത്. ഫോർച്യൂൺ ഫോര്‍ സിനിമാസുമായി ചേര്‍ന്ന് സിതാര എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന്‍റെ ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിച്ചത്. സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രീ റിലീസ് ബിസിനസ് ആയിരുന്നു ചിത്രം നേടിയത്. 85 കോടിയോളം രൂപയ്ക്കാണ് ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത്.

Asianet News Live | Malayalam Live News | Kerala News Updates| Breaking News |HD Live 24x7 Streaming