വാര്‍ 2 എത്തിയത് വ്യാഴാഴ്ച

ബോളിവുഡ് ഈ വര്‍ഷം ഏറ്റവും കാത്തിരുന്ന ചിത്രങ്ങളില്‍ ഒന്നായിരുന്നു വാര്‍ 2. വലിയ സാമ്പത്തിക വിജയങ്ങള്‍ നേടിയിട്ടുള്ള യാഷ് രാജ് ഫിലിംസിന്‍റെ സ്പൈ യൂണിവേഴ്സിന്‍റെ ഭാ​ഗമായ ചിത്രം എന്നതിനൊപ്പം ഹൃത്വിക് റോഷന്‍റെ കൂടെ തെലുങ്ക് താരം ജൂനിയര്‍ എന്‍ടിആര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം എന്നതും ഈ ഹൈപ്പിന് കാരണമായിരുന്നു. ഒരേ ദിവസം തിയറ്ററുകളിലെത്തിയ തമിഴ് ചിത്രം കൂലിയുടെ അത്ര നേടിയില്ലെങ്കിലും മികച്ച ഓപണിം​ഗ് തന്നെയാണ് വാര്‍ 2 നേടിയത്. ഓപണിം​ഗ് മാത്രമല്ല, ആദ്യ വാരാന്ത്യ കളക്ഷനും. എന്നാല്‍ റിലീസിന് ശേഷമുള്ള ആദ്യ തിങ്കളാഴ്ച ബോക്സ് ഓഫീസില്‍ വലിയ ഇടിവാണ് ചിത്രത്തിന് നേരിടേണ്ടിവന്നിരിക്കുന്നത്.

സ്വാതന്ത്ര്യദിന വാരാന്ത്യം ലക്ഷ്യമാക്കി വ്യാഴാഴ്ചയാണ് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തിയത്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് അനുസരിച്ച് റിലീസ് ദിനത്തില്‍ ഇന്ത്യയില്‍ നിന്ന് വാര്‍ 2 നേടിയ നെറ്റ് കളക്ഷന്‍ 52 കോടി ആയിരുന്നു. എന്നാല്‍ ഹിന്ദി പതിപ്പ് മാത്രം നേടിയ കളക്ഷനല്ല ഇത്. മറിച്ച് ഹിന്ദി, തെലുങ്ക്, തമിഴ് പതിപ്പുകള്‍ ചേര്‍ന്ന് നേടിയ കളക്ഷനാണ്. തമിഴ് പതിപ്പ് കാര്യമായ ചലനമുണ്ടാക്കാതെ പോയപ്പോള്‍ തെലുങ്ക് പതിപ്പ് മികച്ച കളക്ഷന്‍ നേടി. ആദ്യ ദിനത്തിലെ 52 കോടിയില്‍ 22.75 കോടി വന്നത് തെലുങ്ക് പതിപ്പില്‍ നിന്നായിരുന്നു. ഞായറാഴ്ച മൂന്ന് പതിപ്പുകളും ചേര്‍ന്ന് നേടിയ കളക്ഷന്‍ 32.15 കോടി (ഇന്ത്യ നെറ്റ്) ആയിരുന്നു. എന്നാല്‍ ഞായറാഴ്ച ഇത് 8.4 കോടിയായി ഇടിഞ്ഞു.

ഹിന്ദി പതിപ്പിന്‍റെ മാത്രം കാര്യമെടുത്താല്‍ ഞായറാഴ്ച 26.5 കോടി നേടിയ ചിത്രം തിങ്കളാഴ്ച നേടിയത് 7 കോടിയാണ്. അതായത് 26 ശതമാനം ഇടിവ്. ബോളിവുഡില്‍ ഈ വര്‍ഷം വന്‍ വിജയം നേടിയ ചിത്രമായ സൈയാര ഇതേ ദിവസം (തിങ്കളാഴ്ച) 25 കോടി നേടി എന്നതാണ് കൗതുകകരമായ മറ്റൊന്ന്. ജൂലൈ 18 ന് തിയറ്ററുകളിലെത്തിയ സൈയാര ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് ഇതിനകം 547.3 കോടി നേടിയിട്ടുണ്ട്. അതേസമയം തുടര്‍ന്നുള്ള പ്രവര്‍ത്തി ദിനങ്ങളില്‍ വാര്‍ 2 എത്രത്തോളം നേടും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ബോളിവുഡ്. അതേസമയം സൈയാരയും യാഷ് രാജ് ഫിലിംസ് നിര്‍മ്മിച്ച ചിത്രമാണെന്നതും കൗതുകം.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News