ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയ വർഷമായി മാറുമോ 2025? ഇതുവരെയുള്ള കണക്കുകളും സാധ്യതകളും

ഇന്ത്യന്‍ സിനിമ വളര്‍ച്ചയുടെ പാതയിലാണ്. കൊവിഡ് കാലം ഏല്‍പ്പിച്ച ആഘാതത്തില്‍ തകര്‍ന്ന ചലച്ചിത്ര വ്യവസായം പോയ വര്‍ഷങ്ങളില്‍ ട്രാക്കിലേക്ക് വെറുതെ മടങ്ങി എത്തുകയായിരുന്നില്ല. മറിച്ച് വളര്‍ച്ചയുടെ പടവുകള്‍ വച്ചടി കയറുക കൂടിയായിരുന്നു. ബാഹുബലിക്ക് മുന്‍പ് വ്യവസായം എന്ന നിലയില്‍ ഇന്ത്യന്‍ സിനിമയില്‍ ബോളിവുഡോളം മറ്റൊരു ഭാഷാ ചലച്ചിത്ര വ്യവസായവും എണ്ണപ്പെട്ടിരുന്നില്ലെങ്കില്‍ ഇന്ന് അതല്ല കഥ. മലയാളത്തില്‍ നിന്നുള്ള ലോക ഇന്ത്യ മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഇതര സംസ്ഥാനങ്ങളില്‍ മലയാള ചിത്രങ്ങളടക്കം വലിയ ബോക്സ് ഓഫീസ് കളക്ഷനും നേടുകയാണ്. പാന്‍ ഇന്ത്യന്‍ കന്നഡ ചിത്രം കാന്താര ചാപ്റ്റര്‍ 1 ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 800 കോടി (ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ 672.6 കോടി) കടക്കാന്‍ ഒരുങ്ങുകയാണ്. വളര്‍ച്ചയുടെ ഈ പാതയില്‍ ഇന്ത്യന്‍ സിനിമയുടെ സുവര്‍ണ വര്‍ഷം ആവാനുള്ള സാധ്യതയാണ് 2025 ന് ഇപ്പോള്‍ കൈവന്നിരിക്കുന്നത്.

ഇന്ത്യന്‍ ബോക്സ് ഓഫീസ് ചരിത്രത്തിലെ ഏറ്റവും വലിയ കളക്ഷന്‍ നേടിയ വര്‍ഷം 2023 ആയിരുന്നു. 12,226 കോടി രൂപയാണ് വിവിധ ഭാഷാ സിനിമകള്‍ ചേര്‍ന്ന് ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് ആ വര്‍ഷം നേടിയത്. ഈ വര്‍ഷത്തെ കാര്യമെടുത്താല്‍ സെപ്റ്റംബര്‍ വരെയുള്ള കണക്ക് അനുസരിച്ച് ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ വന്ന കളക്ഷന്‍ 9,409 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം സമാന കാലയളവിനെ അപേക്ഷിച്ച് 18 ശതമാനം ഉയര്‍ന്ന കളക്ഷനാണ് ഇത്. മൂന്ന് മാസങ്ങളിലെ കണക്കുകളാണ് ഈ വര്‍ഷം ഇനി വരാനുള്ളത്. ഒക്ടോബര്‍- ഡിസംബര്‍ കാലയളവില്‍ നിന്ന് ലഭിക്കുന്നത് കൂടി ചേര്‍ത്ത് ഇന്ത്യന്‍ ബോക്സ് ഓഫീസ് 12,000 കോടി കടക്കുമെന്നാണ് പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സിന്‍റെ കണക്കുകൂട്ടല്‍. ചരിത്രത്തില്‍ ഏറ്റവുമധികം കളക്ഷന്‍ വന്ന 2023 നെ മറികടന്ന് ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച വര്‍ഷമാവാനും 2025 ന് ചാന്‍സ് ഉണ്ടെന്നാണ് വിലയിരുത്തല്‍.

ഇന്ത്യന്‍ ബോക്സ് ഓഫീസിലെ വിവിധ ഭാഷാ ഇന്‍ഡസ്ട്രികളുടെ ഷെയര്‍ നോക്കിയാല്‍ ബോളിവുഡിന്‍റെ ആധിപത്യത്തിന് മാറ്റമൊന്നും ഇല്ല. 38 ശതമാനമാണ് ഈ വര്‍ഷം ഇതുവരെ ബോളിവുഡിന്‍റെ സംഭാവന. രണ്ടാമത് തെലുങ്ക് ആണ്- 20 ശതമാനം. മൂന്നാമത് തമിഴ്- 15 ശതമാനം. ഈ മൂന്ന് ചലച്ചിത്ര വ്യവസായങ്ങളെ അപേക്ഷിച്ച് വലിപ്പത്തില്‍ നന്നേ ചെറിയ മോളിവുഡ് ആണ് നാലാം സ്ഥാനത്ത് എന്നത് മലയാള സിനിമയെ സംബന്ധിച്ച് ഏറെ അഭിമാനകരമാണ്. 9 ശതമാനമാണ് ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ ഈ വര്‍ഷം മലയാളത്തിന്‍റെ സംഭാവന. കന്നഡ സിനിമയേക്കാള്‍ മുകളിലാണ് ഇത്. കാന്താര ചാപ്റ്റര്‍ 1 പാന്‍ ഇന്ത്യന്‍ വിജയം നേടി കുതിക്കുകയാണെങ്കിലും ആ നിലയിലുള്ള മറ്റ് വിജയങ്ങള്‍ കന്നഡയില്‍ ഈ വര്‍ഷം ഇല്ല എന്നതാണ് ഇതിന് കാരണം. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് അനുസരിച്ച് കന്നഡ സിനിമയുടെ ഈ വര്‍ഷത്തെ ഇന്ത്യന്‍ നെറ്റ് കളക്ഷന്‍ 350.83 കോടിയാണ്. മലയാളത്തിന്‍റേതാവട്ടെ 781.35 കോടിയും!

ഏറെ പ്രതീക്ഷ നിറഞ്ഞ അപ്കമിംഗ് ലൈനപ്പ് ആണ് വിവിധ ഭാഷകളില്‍ നിന്നായി ഇന്ത്യന്‍ സിനിമയ്ക്ക് ഈ വര്‍ഷം ഉള്ളത്. ബോളിവുഡില്‍ നിന്ന് രണ്‍വീര്‍ സിംഗിന്‍റെ ദുരന്തര്‍, വൈആര്‍എഫ് സ്പൈ യൂണിവേഴ്സിലെ ആദ്യ നായികാപ്രാധാന്യമുള്ള ചിത്രമായ അലിയ ഭട്ടിന്‍റെ ആല്‍ഫ, തെലുങ്കില്‍ നിന്ന് പ്രഭാസിന്‍റെ രാജാസാബ്, നന്ദമുരി ബാലകൃഷ്‍ണയുടെ അഖണ്ഡ 2, തമിഴില്‍ നിന്ന് ദുല്‍ഖറിന്‍റെ കാന്ത, മലയാളത്തില്‍ നിന്ന് ജയസൂര്യയുടെ കത്തനാര്‍ എന്നിവയൊക്കെ അക്കൂട്ടത്തില്‍ പെടും. ഇനി 2023 നെ മറികടന്ന് ചരിത്രത്തില്‍ ഏറ്റവുമധികം കളക്ഷന്‍ നേടുന്ന വര്‍ഷമായി മാറിയില്ലെങ്കിലും ഉള്ളടക്കത്തിലും ബിസിനസിലും മികച്ചുനിന്ന വര്‍ഷമായിത്തന്നെ 2025 വിലയിരുത്തപ്പെടും. ഒടിടിയുടെ കാലത്ത് പ്രേക്ഷകരെ തിയറ്ററുകളില്‍ എത്തിക്കുന്നതില്‍ ഇന്ത്യന്‍ സിനിമ തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ വിജയിക്കുന്നു എന്നത് ചെറിയ കാര്യമല്ല.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്