സംവിധായകൻ പ്രിയദർശന്‍റെ പുതിയ ഹിന്ദി ചിത്രം 'ഭൂത് ബംഗ്ല' അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ്. 

സിനിമകളെക്കുറിച്ചുള്ള പ്രേക്ഷകരുടെ ചര്‍ച്ചകളില്‍ ഇന്ന് ഏറ്റവുമധികം ഇടം പിടിക്കുന്ന ഒന്നാണ് അവയുടെ ബോക്സ് ഓഫീസ് കണക്കുകള്‍. താരമൂല്യം നിര്‍ണയിക്കപ്പെടുന്നതില്‍ മുന്‍കാലങ്ങളിലേക്കാള്‍ പ്രാധാന്യം ഇന്ന് ബോക്സ് ഓഫീസ് കളക്ഷനുണ്ട്. ഓരോ ഇന്‍ഡസ്ട്രിയിലെ വലിയ ഹിറ്റുകള്‍ ഏതൊക്കെയെന്നും ക്രൗഡ് പുള്ളര്‍ താരങ്ങള്‍ ആരൊക്കെയെന്നും ഇന്ന് സാധാരണ പ്രേക്ഷകര്‍ക്ക് പോലും അറിയാം. താരങ്ങള്‍ക്ക് മാത്രമല്ല, സംവിധായകര്‍ക്കും മറ്റ് ടെക്നീഷ്യന്‍സിനുമൊക്കെ തങ്ങളുടെ ചിത്രങ്ങള്‍ വിജയമാവുക എന്നത് അതിജീവനത്തിന്‍റെ പ്രശ്നമാണ്. ബോക്സ് ഓഫീസ് കളക്ഷന്‍ സംബന്ധിച്ച അപ്ഡേറ്റുകള്‍ ചിലപ്പോഴൊക്കെ ചില കൗതുകങ്ങളും കൊണ്ടുവരാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊന്ന് എത്തിയിരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മുതിര്‍ന്ന സംവിധായകന്‍ പ്രിയദര്‍ശന്‍റെ ഏറ്റവും പുതിയ ഹിന്ദി ചിത്രം ഭൂത് ബംഗ്ലയുടെ ലേറ്റസ്റ്റ് ബോക്സ് ഓഫീസ് അപ്ഡേറ്റ് കാണുമ്പോഴാണ് കൗതുകകരമായ ഒരു താരതമ്യം കൂടി കടന്നുവരുന്നത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഈ ഹൊറര്‍ കോമഡി ചിത്രം ഏപ്രില്‍ 17 ന് ആണ് തിയറ്ററുകളില്‍ എത്തിയത്. ഹിന്ദിയില്‍ പ്രിയദര്‍ശന് ഏറ്റവുമധികം ഹിറ്റുകള്‍ നല്‍കിയ അക്ഷയ് കുമാര്‍ ആണ് ചിത്രത്തിലെ നായകന്‍. അതിന്‍റേതായ പ്രേക്ഷക പ്രതീക്ഷകളും ഈ ചിത്രത്തിന്മേല്‍ ഉണ്ടായിരുന്നു. ആദ്യ ദിനം തന്നെ പോസിറ്റീവ് അഭിപ്രായം വന്നതോടെ പ്രിയദര്‍ശനും അക്ഷയ് കുമാറിനും ആഹ്ലാദം പകര്‍ന്ന വിജയമായി ചിത്രം മാറി.

ഏറ്റവും കൗതുകം നാല് പതിറ്റാണ്ടിലേറെ നീണ്ട സംവിധായക കരിയറില്‍ ഒരു പ്രിയദര്‍ശന്‍ ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷനാണ് ഭൂത് ബംഗ്ല നേടിയത്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ ഏറ്റവും പുതിയ കണക്ക് പ്രകാരം ഭൂത് ബംഗ്ല ഇതുവരെ നേടിയത് 266 കോടിയാണ്. ആഗോള ബോക്സ് ഓഫീസില്‍ നിന്നുള്ള കണക്കാണ് ഇത്. ഇന്ത്യയില്‍ നിന്ന് 212 കോടി ഗ്രോസ് നേടിയ ചിത്രത്തിന്‍റെ വിദേശ ഗ്രോസ് 54 കോടി ആണ്. റിലീസ് ആയി ഏഴാമത്തെ വാരാന്ത്യത്തിലും ചിത്രം 2.25 കോടി കളക്ഷന്‍ നേടി. സിനിമാപ്രേമികള്‍ക്കിടയില്‍ ഉയരുന്ന കൗതുകകരമായ ഒരു ചോദ്യം കല്യാണി പ്രിയദര്‍ശന്‍റെ കരിയര്‍ ബെസ്റ്റ് കളക്ഷനെ പ്രിയദര്‍ശന്‍ ചിത്രം മറികടക്കുമോ എന്നാണ്.

മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പണംവാരി പടം നിലവില്‍ കല്യാണി പ്രിയദര്‍ശന്‍റെ പേരിലാണ്. കല്യാണി ടൈറ്റില്‍ റോളില്‍ എത്തിയ ലോക: ചാപ്റ്റര്‍ 1 ചന്ദ്രയാണ് മലയാളത്തിലെ ബിഗസ്റ്റ് ഹിറ്റ്. മലയാളത്തില്‍ നിന്ന് 300 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ഒരേയൊരു ചിത്രവും ഇത് തന്നെ. 303.86 കോടി ആയിരുന്നു ചിത്രത്തിന്‍റെ ലൈഫ് ടൈം ഗ്രോസ്. ഇതിനെ ഭൂത് ബംഗ്ല മറികടക്കുമോ എന്നതാണ് ചോദ്യം. എന്നാല്‍ ചിത്രം എട്ടാം വാരത്തിലേക്ക് എത്തിയതിനാല്‍ ഇതിന് സാധ്യത തുലോം കുറവാണ് എന്നതാണ് യാഥാര്‍ഥ്യം. അതേസമയം ചിത്രം നേടുന്ന ഫൈനല്‍ കളക്ഷന്‍ എത്രയാവുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ബോളിവുഡ്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming