ആക്ഷൻ ഇതിഹാസം ബ്രൂസ് ലീ യുടെ ജീവിതം വെള്ളിത്തിരയിലേക്ക്. ഇന്ത്യൻ സംവിധായകൻ ശേഖർ കപൂറാണ് ലിറ്റിൽ ഡ്രാഗൺ എന്ന സിനിമ സംവിധാനം ചെയ്യുന്നത്.
മെയ് വഴക്കം കൊണ്ട് ലോകത്തെ അതിശയിപ്പിച്ച ആയോധനാ കലാവിദഗ്ധൻ. വിടവാങ്ങി വർഷങ്ങൾ പിന്നിട്ടിട്ടും ഒട്ടും കുറയാത്ത താര പ്രശസ്തി. ഉയർച്ച താഴ്ചകളും ഒട്ടേറെ ദുരൂഹതകളും നിറഞ്ഞ ബ്രൂസ് ലീ യുടെ ജീവിതമാണ് വെള്ളിത്തിരയിലെത്തുന്നത്. ലീ യുടെ അറിഞ്ഞ ജീവിതത്തെക്കാൾ അറിയാത്ത ജീവിതം കൂടി ലിറ്റിൽ ഡ്രാഗൺ വരച്ചുകാട്ടും..ലീയുടെമകൾ ഷാനൺ ലീ നിർമ്മിക്കുന്ന സിനിമ ശേഖർ കപൂർ സംവിധാനം ചെയ്യും. ലീ ജനിച്ച 50 കളിലെ ഹോംഗ് കോങ്ങിൻറെ രാഷ്ട്രീയ-സാമ്പത്തികപശ്ചാത്തലവും , മെലിഞ്ഞ പയ്യനിൽ നിന്ന് ആയോധനാ കലയുടെചക്രവർത്തിയിലേക്കുള്ള ലീയുടെ ജീവിതം സിനിമയെ വെല്ലുന്നതാണ്. ദുർബ്ബലനെന്ന് കളിയാക്കിവരെ നേരിടാൻ ആയോധനകല പരിശീലിച്ചു. മുൻകോപവും വഴക്കും കാരണം നാട് വിടാൻ ആവശ്യപ്പെട്ടത് അമ്മ. ഏറെ കൗതുകം ഉണർത്തുന്ന ബാല്യവും കൗമാരവും. ഇതിനൊപ്പം ലീയുടെ സൗഹൃദവും പ്രണയവും തിരിച്ചടികളുമെല്ലാം സിനിമയിൽ പ്രതീക്ഷിക്കാം. അച്ഛന്റെ ജീവിതത്തെ കുറിച്ച് വർഷങ്ങളായുള്ള മകൾ ഷാനൺ ലീയുടെ ഗവേഷണ ഫലം കൂടിയാകും ലിറ്റിൽ ഡ്രാഗൺ.
വാഷിംഗ്ടൺ സർവ്വകലാശാലയിൽ നിന്നു തത്വചിന്തയിൽ ബിരുദം നേടിയ ലീക്ക് അപാര മനശക്തിയായിരുന്നു മകൾ പറയുന്നു. അമേരിക്കയിലെയും ഹോംങ്ങ്കോങ്ങിലെയും ചൈനയിലെയും സിനിമാ നിർമ്മാണകമ്പനികൾ ലിറ്റിൽ ഡ്രാഗണായി കൈകോർക്കുന്നുണ്ട്.
മുപ്പത്തിരണ്ടാം വയസ്സിൽ ദുരൂഹതകൾ ബാക്കിയാക്കി മരണത്തിന് കീഴടങ്ങിയ ലീയെകുറിച്ച് അറിയാത്ത ഒരൂപാട് വിവരങ്ങളുമായെത്തുന്ന ലിറ്റിൽ ഡ്രാഗണിൽ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
