ന്യൂയോര്‍ക്ക്: രണ്ട് മാസങ്ങള്‍ക്ക് മുമ്പ് മാത്രം ട്വിറ്ററില്‍ അംഗമായ നൊബേല്‍ സമ്മാന ജേതാവ് മലാല യൂസഫ് സായി ജീവിതത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന  നല്ല മാറ്റങ്ങളെല്ലാം ട്വിറ്ററില്‍  പങ്കുവയ്ക്കാറുണ്ട്.  ബ്രിട്ടനിലെ ഓക്സ്ഫോര്‍ഡ് യൂനിവേഴ്സിറ്റിയില്‍ പഠിക്കാന്‍ അവസരം കിട്ടിയതിന്‍റെ സന്തോഷം ട്വിറ്ററില്‍ പങ്കുവെച്ചപ്പോള്‍ നിരവധി ആള്‍ക്കാരാണ് ആശംസകളുമായി ട്വിറ്ററിലെത്തിയത്.

ഏറ്റവും ഒടുവിലായി തന്‍റെ പ്രിയപ്പെട്ട ബോളിവുഡ് താരം പ്രിയങ്ക ചോപ്രയെ നേരിട്ട് കണ്ടതിന്‍റെ വിശേഷങ്ങളും ഇരുവരും ഒന്നിച്ചുളള ചിത്രവും ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുകയാണ് മലാല.' വിശ്വസിക്കാന്‍ കഴിയുന്നില്ല, പ്രിയങ്ക ചോപ്രയെ കണ്ടിരിക്കുന്നു' എന്നാണ് ചിത്രത്തോടൊപ്പം മലാല എഴുതിയത്. മലാലയുടെ ട്വീറ്റിന് ഉടനടി പ്രിയങ്കയുടെ മറുപടിയെത്തി. 'എനിക്കും വിശ്വസിക്കാന്‍ കഴിയുന്നില്ല, ഞാന്‍ മലാലയെ കണ്ടിരിക്കുന്നു'. ആരാധകര്‍ക്ക് എന്തായാലും മലാലയുടെ പോസ്റ്റും പ്രിയങ്കയുടെ മറുപടിയും ഇഷ്ടപ്പെട്ടു.

മലാലയെ കണ്ടതിന്‍റെ സന്തോഷം ഇന്‍സ്റ്റാഗ്രാമിലും പങ്കുവെച്ചിരിക്കുകയാണ് പ്രിയങ്ക. യുനൈറ്റഡ് നേഷന്‍സിന്‍റെ ജനറല്‍ അസംബ്ളി നടക്കുന്നതിനാല്‍ മലാല ഇപ്പോള്‍ ന്യൂയോര്‍ക്കിലാണ്.