മലയാളത്തിന്റെ പഴയ സൂര്യപുത്രി അമല നീണ്ട ഇടവേളക്കു ശേഷം അഭിനയരംഗത്തേയ്‍ക്കു തിരിച്ചെത്തുന്നു. അമലയും മഞ്ജുവാര്യരും ഒന്നിച്ചഭിനയിക്കുന്ന കെയര്‍ ഓഫ് സൈറാബാനുവിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം കൊച്ചിയില്‍ നടന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൊച്ചി കളമശ്ശേരിയിലെ കിന്‍ഫ്രാപാര്‍ക്കിനു സമീപത്തെ ലൊക്കേഷനിലേക്ക് സൈറാബാനുവിന്റെ വേഷത്തിലാണ് മഞ്ജു വാര്യര്‍ എത്തിയത്. സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മ്മത്തിനു ശേഷം ചിത്രീകരണത്തിനായി ഒരുക്കിയ പ്രത്യേക സെറ്റ് മഞ്ജു നടന്നു കണ്ടു. ഒപ്പം, അടുത്തിടെ ഇറങ്ങിയ കിസ്‍മതത്തിലെ നായകന്‍ ഷാനു നിഗമും പ്രധാന വേഷത്തിലെത്തുന്നു.

രണ്ട് സ്‌ത്രീകളുടെ പോരാട്ടത്തിന്റെ കഥ പറയുന്ന കെയറോഫ് സൈറാബാനു ആന്റണി സോണി എന്ന നവാഗതനാണ് സംവിധാനം ചെയ്യുന്നത് റോഷന്‍ ആന്‍ഡ്രൂസിനൊപ്പം ഹൗ ഓള്‍ഡ് ആര്‍ യു ഉള്‍പ്പെടെയുളള സിനിമകളില്‍ സഹസംവിധായകനായിരുന്നു ആന്റണി സോണി.

നടി അമല നീണ്ട ഇടവേളയ്‌ക്കു ശേഷം അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും സൈറാബാനുവിനുണ്ട്. ഹൈദ്രാബാദില്‍ നിന്ന് രണ്ടു ദിവസത്തിനകം അമല കൊച്ചിയിലെ ലൊക്കേഷനിലെത്തും.