കൊച്ചി: നടിയും നിര്‍മ്മാതാവുമായ സാന്ദ്രാതോമസിനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ പൊലീസ് കേസെടുത്തു. കൊച്ചി എളമക്കര പൊലീസാണ് വിജയ് ബാബുവിനെതിരെ കേസെടുത്തത്. സാന്ദ്രാ തോമസും വിജയ് ബാബുവും ചേര്‍ന്ന് നടത്തുന്ന ഫ്രൈഡേ ഫിലിംസ് എന്ന സിനിമാ നിര്‍മ്മാണ-വിതരണ കമ്പനിയുടെ ഓഫീസില്‍വെച്ചാണ് സംഭവവമെന്നാണ് പരാതിയില്‍ പറയുന്നത്. സാന്ദ്ര ഇപ്പോള്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൈയ്യാങ്കളിയിലേക്ക് വഴിമാറിയതെന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. രാവിലെ ഓഫീസിലെത്തിയ തന്നെ വിജയ് ബാബുവും കൂട്ടാളികളും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് സാന്ദ്ര പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. സാന്ദ്രയും വിജയ് ബാബുവും ചേര്‍ന്ന് നടത്തുന്ന ഫ്രൈഡേ ഫിലിംസ് നിര്‍മ്മിക്കുന്ന പുതിയ ചിത്രമായ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഇതിനിടയിലാണ് നിര്‍മ്മാതാക്കള്‍ തമ്മിലുള്ള തര്‍ക്കമെന്നതും ശ്രദ്ധേയമാണ്. 

പരാതി വ്യാജമെന്ന് നടന്‍ വിജയ് ബാബു

അതേസമയം തനിക്കെതിരായ കേസ് വ്യാജമാണെന്ന് നടന്‍ വിജയ് ബാബു ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. ഫ്രൈഡേ ഫിലിംസിന്റെ ഉടമസ്ഥാവകാശം കൈക്കലാക്കാനുള്ള സാന്ദ്രയുടെയും ഭര്‍ത്താവിന്റെയും ശ്രമമാണ് ഇതിന് പിന്നിലെന്ന് വിജയ് ബാബു ആരോപിച്ചു. തനിക്കെതിരായ അരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കാന്‍ സാധിക്കുമെന്നും വിജയ് ബാബു പറയുന്നു. തനിക്ക് പിന്തുണ നല്‍കിയ സുഹൃത്തുക്കള്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിച്ചത്.