സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെതിരായ കേസില്‍ ഹണി ബീ രണ്ട് സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറില്‍ നിന്ന് തൃക്കാക്കര എസിപി മൊഴിയെടുത്തു. കൂടുതല്‍ അണിയറ പ്രവര്‍ത്തകരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ടെന്ന് എസിപി പി പി ഷംസ് അറിയിച്ചു. ഇതിന് ശേഷം മാത്രമേ ജീന്‍ പോള്‍ ലാലും നടന്‍ ശ്രീനാഥ് ഭാസിയും അടക്കമുള്ള പ്രതികളെ ചോദ്യം ചെയ്യൂ. പ്രതിഫലം നല്‍കാത്തതിനും ലൈംഗികച്ചുവയോടെ സംസാരിച്ചതിനുമാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്. എന്നാല്‍ അനുവാദമില്ലാതെ ഡ്യൂപ്പിനെ ഉപയോഗിച്ച് ചിത്രീകരിച്ച ചില രംഗങ്ങള്‍ തന്‍റേതെന്ന രീതിയില്‍ ഉപയോഗിച്ചെന്ന് നടി മൊഴി നല്‍കിയിട്ടുണ്ട്. പരാതിയില്‍ വസ്തുതയുണ്ടെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. സെറ്റില്‍ ചില പ്രശ്നങ്ങളുണ്ടായെന്ന് അണിയറപ്രവര്‍ത്തകരിലൊരാള്‍ പൊലീസിന് മൊഴി നല്‍കുകയും ചെയ്തു. ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാനാണ് മറ്റ് അണിയറപ്രവര്‍ത്തകരെയും ചോദ്യം ചെയ്യുന്നത്.