പാട്ന: മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങിന്റെ ജീവിത്തെ ആസ്പദമാക്കി നിർമ്മിച്ച  'ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റർ' എന്ന ചിത്രത്തിലെ അഭിനേതാക്കൾക്കെതിരെ എഫ്ഐആർ.  അനുപം ഖേര്‍, അക്ഷയ് ഖന്ന തുടങ്ങി പന്ത്രണ്ട് പേര്‍ക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജില്ലാ കോടതിയുടെ ഉത്തരവ് പ്രകാരം മുസാഫര്‍പൂര്‍ പൊലീസാണ് നടന്‍മാര്‍ക്കെതിരെ കേസെടുത്തത്. 

ജനങ്ങൾക്കിടയിൽ സംഘർഷം സൃഷ്ടിച്ച് സമാധാന അന്തരീക്ഷം ഇല്ലാതാക്കാൻ ശ്രമിക്കുക, ക്രിമിനല്‍ ഗൂഢാലോചന നടത്തുക എന്നിവ കാണിച്ച് അഭിഭാഷകനായ സുധീര്‍ കുമാര്‍ ഓജ നൽകിയ ഹർജിയിൽ വാദം കേൾക്കവെയാണ് കേസെടുക്കാൻ കോടതി നിർദ്ദേശിച്ചത്. അനുപം ഖേറിനും  മന്‍മോഹന്‍ സിങിന്റെ മാധ്യമ ഉപദേഷ്‍ടാവായിരുന്ന സഞ്ജയ് ബാരുവായി അഭിനയിക്കുന്ന അക്ഷയ് ഖന്നയ്‍ക്കും സോണിയാ ഗാന്ധിയായി അഭിനയിക്കുന്ന ജര്‍മൻ നടി സുസൻ ബെര്‍‌നെര്‍ടിനും മറ്റ് അഭിനേതാക്കള്‍ക്കെതിരെയുമാണ് സുധീര്‍ കുമാര്‍ ഓജ പരാതി നൽകിയിരുന്നത്. സംവിധായകനും നിര്‍മ്മതാവിനുമെതിരെയും ഓജ പാരാതി നൽകിയിരുന്നു.

ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ ജനുവരി 11നാണ് റിലീസ് ചെയ്തത്. ഗാന്ധി കുടുംബവുമായി മന്‍മോഹന്‍ സിങിനുള്ള ബന്ധം ചര്‍ച്ച ചെയ്യുന്ന സിനിമയില്‍ മന്‍മോഹന്‍ സിങ് അടക്കമുള്ളവരെ അപമാനിക്കുന്നുവെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. സിനിമ റിലീസ് തടയണമെന്നും നിരോധിക്കണമെന്നും ആവശ്യപ്പെട്ട്  ഒരുവിഭാഗം നേരത്തെ രംഗത്തെത്തിയിരുന്നു.

പ്രധാനമന്ത്രിയായിരുന്ന കാലത്ത് മന്‍മോഹന്‍ സിങിന്റെ മാധ്യമ ഉപദേഷ്‍ടാവായിരുന്ന സഞ്ജയ് ബാരുവിന്റെ പുസ്‍തകത്തെ ആസ്‍പദമാക്കിയാണ് സിനിമ നിർമ്മിച്ചത്. ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍: ദ മേക്കിംഗ് ആന്‍ഡ് അണ്‍മേക്കിംഗ് ഓഫ് മന്‍മോഹന്‍ സിംഗ് എന്ന പുസ്‍‌തകത്തെ ആസ്‍പദമാക്കിയാണ് സിനിമ. വിജയ് രത്നാകര്‍ ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.

ചിത്രം രാഷ്ട്രീയപ്രേരിതമാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേരത്തെ രംഗത്തെത്തിയിരുന്നു. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കു വെച്ചതും ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.