മുംബൈ: ബോളിവുഡ് ചലച്ചിത്രങ്ങളുടെ ചരിത്രത്തില്‍ ഏറ്റവും വലിയ വിജയമായ സുല്‍ത്താനെതിരേ വഞ്ചനാക്കുറ്റത്തിന് കേസ്. സിനിമയിലെ നായകന്‍ സല്‍മാന്‍ഖാന്‍, നായിക അനുഷ്‌ക്കാ ശര്‍മ്മ, സംവിധായകന്‍ അലി സഫര്‍ അബ്ബാസ് എന്നിവര്‍ക്കെതിരേ മുഹമ്മദ് സബിര്‍ അന്‍സാരി എന്ന സബീര്‍ ബാബ എന്നയാളാണ് മുസാഫര്‍പൂറിലെ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

തന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയാണ് ഇതെന്നും നായകന്‍ സല്‍മാന്‍ ഖാനും മറ്റും 20 കോടി റോയല്‍റ്റി നല്‍കാമെന്ന് പറഞ്ഞാണ് സിനിമ എടുത്തതെന്നും മുസാഫര്‍പൂര്‍ പ്രദേശവാസിയായ ഇയാള്‍ ആരോപിച്ചു. 2010 ല്‍ മുംബൈയില്‍ വെച്ച് സബീര്‍ തന്നെയാണ് സിനിമയുമായി ബന്ധപ്പെട്ട തന്റെ ജീവിതകഥ സല്‍മാനോട് പറഞ്ഞതെന്നും അതിനെ ആസ്പദമാക്കി സിനിമ എടുക്കുമെന്നും പണം നല്‍കാമെന്നും താരം അന്ന് വാഗ്ദാനം ചെയ്തിരുന്നതായും സബീറിന് വേണ്ടി അഭിഭാഷകന്‍ സുധീര്‍ കുമാര്‍ ഓജ പറഞ്ഞു.

ജൂലൈ 8 ന് സമര്‍പ്പിക്കപ്പെട്ട കേസ് അടുത്ത വാദം കേള്‍ക്കാന്‍ ജൂലൈ 26 ലേക്ക് മാറ്റിയിരിക്കുകയാണ്. വഞ്ചന, കാപട്യം, വിശ്വാസം ഹനിക്കല്‍, പ്രകോപനം ഉണ്ടാക്കുന്ന രീതിയില്‍ അന്താരാഷ്ട്ര തലത്തില്‍ അപമാനിക്കല്‍, ക്രിമിനല്‍ ഗൂഡാലോചന എന്നിങ്ങനെ ഗുരുതരമായ കുറ്റമാണ് ചേര്‍ത്തിരിക്കുന്നത്. സിനിമ റിലീസായി ഒരാഴ്ചയ്ക്കകം കളക്ഷന്‍ നേടി മുന്നേറുകയാണ്.