ഈ മാസം 28ന് ദീപാവലി റിലീസിനൊരുങ്ങുന്ന കരണ്‍ ജോഹര്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്കാണ് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന പ്രവര്‍ത്തകരുടെ ഭീഷണി. പാകിസ്ഥാന്‍ താരം ഫവാദ് ഖാന്‍ അഭിനയിക്കുന്നതിനാല്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തയ്യാറായ മള്‍ട്ടിപ്ലക്‌സുകള്‍ തല്ലിത്തകര്‍ക്കുമെന്നാണ് ഭീഷണി. ഇതിനെതുടര്‍ന്നാണ് തീയേറ്ററുകള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഫിലിം ആന്‍ഡ് ടെലിവിഷന്‍ പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ പ്രസിഡന്റ് മുകേഷ് ഭട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെ കണ്ടത്. സുരക്ഷ ഉറപ്പാക്കാന്‍ മുഖ്യമന്ത്രിമാരുമായി സംസാരിക്കുമെന്ന് പറഞ്ഞ രാജ്‌നാഥ് സിംഗ് ചിത്രത്തിന് എല്ലാ പിന്തുണയും അറിയിച്ചെന്നും മുകേഷ് ഭട്ട് പറഞ്ഞു

കേന്ദ്രമന്ത്രിയും പിന്നണി ഗായകനുമായ ബാബുള്‍ സുപ്രിയോടൊപ്പമാണ് മുകേഷ് ഭട്ട് രാജ്‌നാഥ് സിംഗിനെ കണ്ടത്. കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രണ്‍ബീര്‍ കപൂര്‍, ഐശ്വര്യ റായ്ബച്ചന്‍, അനുഷ്‌ക ശര്‍മ്മ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.