ക്രിസ്മസിന് തീയേറ്ററുകളിലെത്തിയ ചിത്രങ്ങളുടെ ആദ്യദിന കളക്ഷന്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്ത്. ക്രിസ്മസ് സീസണില്‍ തീയേറ്ററുകളിലെത്തിയ അഞ്ച് ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇനീഷ്യല്‍ കളക്ഷന്‍ നേടിയിരിക്കുന്നത് മമ്മൂട്ടി ചിത്രമായ മാസ്റ്റര്‍ പീസാണ്.
5.11 കോടിയാണ് ചിത്രം മാസ്റ്റര്‍ പീസിന്റെ ഫസ്റ്റ് ഡേ കളക്ഷന്‍. അജയ് വാസുദേവ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ഹൈലൈറ്റ് മമ്മൂട്ടിയുടെ ആക്ഷന്‍ രംഗങ്ങളാണ്. കോളേജ് അധ്യാപകനായി മമ്മൂട്ടിയെത്തുന്ന ചിത്രത്തില്‍ ഗോകുല്‍ സുരേഷ്, ഉണ്ണി മുകുന്ദന്‍,വരലക്ഷമി ശരത് കുമാര്‍, പൂനം ബജ്വവ എന്നീ യുവതാരങ്ങളും അണിനിരക്കുന്നുണ്ട്. 15 കോടി രൂപയോളം ചിലവിട്ട് നിര്‍മ്മിച്ച ബിഗ്ബജറ്റ് ചിത്രം കൂടിയാണ് മാസ്റ്റര്‍ പീസ്.
അതേസമയം ക്രിസ്മസ് റിലീസുകളില്‍ മികച്ച കളക്ഷനുമായി മുന്നേറിക്കൊണ്ടിരിക്കുന്നത് ആട് 2 ആണ്. ആട് ഒരു ഭീകരജീവിയാണ് എന്ന പരാജയപ്പെട്ട ചിത്രത്തിന്റെ രണ്ടാം ഭാഗമായി തീയേറ്ററുകളിലെത്തിയിരിക്കുന്ന ഈ ഫണ്‍മൂവിക്ക് മികച്ച പ്രതികരണമാണ് തീയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. തീയേറ്ററിലെത്തിയ ആദ്യദിനം 2.44 കോടി വരുമാനം നേടിയ ആട്-2 തുടര്‍ന്നുള്ള ദിവസങ്ങളിലും ഹൗസ് ഫുള്ളായി മുന്നേറുകയാണ്. അവധിക്കാലത്ത് കുട്ടികളുമായി കുടുംബപ്രേക്ഷകര്‍ കൂടിയെത്തുന്നതോടെ ചിത്രം സൂപ്പര്‍ഹിറ്റായി മാറുമെന്ന പ്രതീക്ഷയിലാണ് ആട്-2 ന്റെ അണിയറപ്രവര്‍ത്തകര്‍.
പൃഥിരാജ് സുകുമാരന്‍ നായകനായി എത്തുന്ന വിമാനം ആദ്യദിനത്തില്‍ 1.21 കോടി രൂപയാണ് തീയേറ്റര്‍ കളക്ഷന്‍ നേടിയത്. മാജിക് ഫ്രേയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിച്ച ഈ ചിത്രത്തില്‍ പുതുമുഖമായ ദുര്‍ഗ്ഗ കൃഷ്ണയാണ് നായിക.ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷമി എന്നിവരെ നായികാനായകന്‍മാരാക്കി ആഷിഖ് അബു ഒരുക്കിയ മായാനദി നിരൂപകപ്രശംസ നേടി തീയേറ്ററുകളില്‍ തുടരുകയാണ്. 68 ലക്ഷം രൂപയാണ് വലിയ ബഹളങ്ങളില്ലാതെ തീയേറ്ററുകളിലെത്തിയ ഈ ചിത്രം ആദ്യദിനം നേടിയത്. നവാഗതനായ ദിലീപ് മേനോന്‍ സംവിധാനം ചെയ്ത വിനീത് ശ്രീനിവാസന്‍ ചിത്രം ആന അലറലോടലറലിന്റെ ഫസ്റ്റ് ഡേ കളക്ഷന്‍ 53 ലക്ഷം രൂപയാണ്. ഗ്രാമീണപശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ ഈ ചിത്രത്തില്‍ അനു സിത്താരയാണ് നായിക.
