കൊച്ചി: ദിവസങ്ങളായി തുടരുന്ന സിനിമാ പ്രതിസന്ധി പരിഹരിക്കാൻ കൊച്ചിയിൽ ചേർന്ന ഒത്തുതീർപ്പ് ചർച്ചയും അലസിപ്പിരിഞ്ഞു. ലിബർട്ടി ബഷീറിനെ ഒഴിവാക്കിയാണ് തിയേറ്റർ ഉടമകൾ എത്തിയതെങ്കിലും പ്രശ്നപരിഹാരത്തിനുളള യാതൊരു സാധ്യതയും തെളിഞ്ഞില്ല. ഇരുകൂട്ടരും തങ്ങളുടെ നിലപാടിൽ ഉറച്ചു നിൽക്കുന്നതാണ് സിനിമാ സമരം തുടരാൻകാരണം.
കൊച്ചിയിലെ ഹോട്ടലില്‍ അതീവരഹസ്യമായിട്ടായിരുന്നു നിർമാതാക്കളും വിതരണക്കാരും തിയേറ്റർ ഉടമകളും ഒത്തുകൂടിയത്. എക്സിബിറ്റേഴ്സ് പെഡറേഷൻ ഭാരവാഹിയായ ലിബർട്ടി ബഷീറിനെ മുന്നിലിരുത്തി ചർച്ചക്കില്ലെന്ന് നിർമാതാക്കളും വിതരണക്കാരും കഴിഞ്ഞദിവസം തീരുമാനമെടുത്തിരുന്നു.
ഇതോടെയാണ് ഫിലിം ചേമ്പര്‍ ഇടപെട്ട് മറ്റൊരു വഴിക്ക് സമവായ ശ്രമം തുടങ്ങിയത്. ലിബർട്ടി ബഷീറിനെ പങ്കെടുപ്പിക്കാതെയുളള ചർച്ചക്ക് നിർമാതാക്കളും സമ്മതിച്ചതോടെയാണ് ഒരുമേശക്കു ചുറ്റുമിരുന്ന പ്രശ്ന പരിഹാരത്തിന് സാധ്യത തേടിയത്.
എന്നാൽ വിട്ടുവീഴ്ചക്ക് തങ്ങൾ തയാറല്ലെന്ന് നിർമാത്തക്കളും വിതരണക്കാരും ചർച്ചയുടെ തുടകത്തിൽത്തന്നെ അറിയിച്ചു. സമരം തുടങ്ങിയത് തിയേറ്റർ ഉടമകളാണ്. തിയേറ്റർ വിതിതം കൂട്ടി നൽകാൻ തങ്ങൾ തയാറല്ല. ക്രിസ്തുമസ് സീസൺ നഷ്ടമായി. ആറു പടങ്ങൾ പെട്ടിയിലിരിക്കുന്നത് കൊണ്ട് നിർമാതാക്കൾക്ക് കോടികളാണ് നഷ്ടം അതിനാൽത്തന്നെ വിട്ടുവീഴ്ച പറ്റില്ല.
വേണമെങ്കിൽ തിയേറ്റർ ഉടമകൾക്ക് സമരം പിൻവലിക്കാമെന്ന് നിലപാടെടുത്തു. ഇതോടെയാണ് സമവായ ചർച്ചകൾ പാതിവിഴിയിൽ നിലച്ചത്. അടുത്തയാഴ്ച തിയേറ്റർ ഉടമകളുടെ ജനറൽ ബോഡി യോഗം കൊച്ചിയിൽ ചേരുന്നുണ്ട്. തങ്ങൾ മുന്നോട്ടു വെച്ച നിർദേശം അംഗീകരിച്ചാലേ ഇനി ചർച്ചക്കുളളവെന്ന് സർക്കാരും കഴിഞ്ഞദിവസം തിയേറ്റർ ഉടമകളെ അറിയിച്ചിരുന്നു.
