കോഴിക്കോട്: കോഴിക്കോട് ജില്ലാകളക്ടറായിരിക്കെ സോഷ്യല്‍ മീഡിയയിലെ ഇടപെടലിലൂടെയും മറ്റും യുവാക്കളുടെയും കോഴിക്കോടുകാരുടെയും സ്വന്തം കളക്ടര്‍ ബ്രോ ആയി മാറിയ എന്‍. പ്രശാന്ത് തിരക്കഥാകൃത്തിന്റെ റോളിലെത്തുന്നു. അനില്‍ രാധാകൃഷ്ണമേനോന്‍ സംവിധാനം ചെയ്യുന്ന ദിവാന്‍ജിമൂല എന്ന സിനിമയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് എന്‍. പ്രശാന്താണ്.
ദിവാന്‍ജിമൂലയുടെ ചിത്രീകരണം തൃശൂരില്‍ പുരോഗമിക്കുകയാണ്. കളക്ടര്‍ ബ്രോ ഔദ്യോഗിക പരിവേഷങ്ങളൊന്നും ഇല്ലാതെ ഫുള്‍ ടൈം സിനിമയുടെ കൂടെയുണ്ട്. നര്‍മ്മത്തിന്റെ ഭാഷയില്‍ തൃശൂര്‍ക്കാരുടെ കഥ പറയുന്ന ദിവാന്‍ജിമൂലയിലേക്ക് പ്രശാന്ത് എത്തുന്നത് അനില്‍ രാധാകൃഷ്ണമേനോനുമായുളള സൗഹൃദത്തിലൂടെയാണ്.
നൈല ഉഷയാണ് ചിത്രത്തിലെ നായിക. കളക്ടര്‍ ബ്രോയോട് പണ്ടേ ആരാധനയുണ്ടെന്ന് നായിക നൈല ഉഷ പറയുന്നു. അവധിയെടുത്താണ് പ്രശാന്ത് സിനിമാ പരിപാടിയുമായി നടക്കുന്നത്. പറ്റുമെങ്കില്‍ സിനിമയിലും അഭിനയിക്കണമെന്നാണ് കളക്ടര്‍ ബ്രോയുടെ ആഗ്രഹം. സുന്ദരനായതിനാല്‍ അഭിനയിക്കാന്‍ വേണമെങ്കില്‍ ഒരവസരം കൊടുക്കാമെന്ന സംവിധായകന്‍ കളക്ടര്‍ ബ്രോയ്ക്ക് ഉറപ്പ് കൊടുത്തിട്ടുണ്ട്.
