തിയറ്ററുകളില്‍ നിറഞ്ഞോടുന്ന ബാഹുബലി രണ്ടാം ഭാഗം കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ചു മുന്നേറുകയാണ്. പ്രേക്ഷകരെ വിസ്‌മയിപ്പിക്കുന്ന ദൃശ്യവിസ്‌മയമാണ് ബാഹുബലി 2: ദ കണ്‍ക്ലൂഷന്‍ എന്ന് ഇതിനോടകം അഭിപ്രായം ഉയര്‍ന്നുകഴിഞ്ഞു. ഇതിനിടയില്‍ ബാഹുബലി സംവിധായകന്‍ എസ് എസ് രാജമൗലിക്കെതിരെ പൊലീസില്‍ പരാതി ലഭിച്ചിരിക്കുന്നു. ആന്ധ്രയിലെ കതിക സമുദായത്തെ സിനിമയിലൂടെ അപമാനിച്ചുവെന്നാണ് കേസ്. ആട്ടിന്‍ മാംസം വില്‍പന വിറ്റു ജീവിക്കുന്ന സമുദായമാണ് കതിക. ബാഹുബലിയുടെ രണ്ടാം ഭാഗത്തില്‍ ഇടവേളയ്‌ക്ക് ശേഷം സത്യരാജ് അവതരിപ്പിച്ച കട്ടപ്പ എന്ന കഥാപാത്രം കതിക സമുദായത്തെ അപമാനിക്കുന്ന സംഭാഷണം പറയുന്നുണ്ടെന്നാണ് കതിക സമുദായ സംരക്ഷണ സമിതി പറയുന്നു. ഇതിനെതിരെയാണ് പൊലീസില്‍ പരാതി നല്‍കിയത്. സംവിധായകനെതിരെ കേസെടുക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം. കൂടാതെ വിവാദ ഡയലോഗ് നീക്കണമെന്ന് ആവശ്യപ്പെട്ട് സെന്‍സര്‍ ബോര്‍ഡിനും പരാതി നല്‍കിയിട്ടുണ്ട്.