കൃത്യമായി ആസൂത്രണം ചെയ്തായിരുന്നു സിനിമയിലെ രംഗങ്ങൾ ചിത്രീകരിച്ചത്. പരിക്ക് പറ്റിയ ശീതളിനു ഇതുവരെ വേണ്ട എല്ലാ സഹായങ്ങളും നൽകിയിട്ടുണ്ട്.

കൊച്ചി: നടി മഞ്ജു വാര്യർക്ക് നടി ശീതൾ തമ്പി വക്കീൽ നോട്ടീസ് അയച്ചതിന് പിന്നിൽ ​ഗൂഢാലോചനയെന്ന് ഫൂട്ടേജ് സിനിമയുടെ അണിയറ പ്രവർത്തകർ ഏഷ്യാനെറ്റ് ന്യൂസിനോട്. ഫൂട്ടേജ് സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റെന്നും ആവശ്യമായ ചികിത്സ സഹായങ്ങൾ ലഭിച്ചില്ലെന്നും കാണിച്ചാണ് നടി ശീതൾ തമ്പി മഞ്ജു വാര്യർക്കെതിരെ വക്കീൽ നോട്ടീസ് അയച്ചത്. ഇന്നലെ വരെ ഒരു പ്രശ്നവും ഇല്ലാതെ സംസാരിച്ചയാളാണ് ശീതൾ തമ്പിയെന്നും രാവിലെ നോട്ടീസ് കണ്ടപ്പോൾ ഞെട്ടി പോയി എന്നും അണിയറ പ്രവർത്തകർ പറഞ്ഞു. 

കൃത്യമായി ആസൂത്രണം ചെയ്തായിരുന്നു സിനിമയിലെ രംഗങ്ങൾ ചിത്രീകരിച്ചത്. പരിക്ക് പറ്റിയ ശീതളിനു ഇതുവരെ വേണ്ട എല്ലാ സഹായങ്ങളും നൽകിയിട്ടുണ്ട്. നോട്ടീസ് നൽകിയ വക്കീലിന്റെ പേര് ഗൂഗിളിൽ പരിശോധിച്ച് നോക്കൂ എന്നും സഹനിർമതാവ് ബിനീഷ് ചന്ദ്രൻ ചൂണ്ടിക്കാട്ടി. അപ്പോൾ‌ കാര്യങ്ങൾ എല്ലാം ബോധ്യമാവും. സിനിമയെ തകർക്കാനുള്ള ശ്രമമാണെന്നും ബിനീഷ് ചന്ദ്രൻ പറഞ്ഞു. ശീതൾ ചിത്രത്തിലെ പ്രധാന കഥാപാത്രം ആണ്‌. എന്നിട്ടും ഇതു വേണ്ടായിരുന്നു എന്നും ബിനീഷ് പറഞ്ഞു. 

ഫൂട്ടേജ് ഷൂട്ടിംഗ് ലൊക്കേഷനിൽ ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്ന് ആരോപിച്ചാണ് നടി മഞ്ജു വാര്യർക്ക് നടി ശീതൾ തമ്പി വക്കീൽ നോട്ടിസ് അയച്ചിരിക്കുന്നത്. തനിക്ക് ഗുരുതരമായ പരിക്ക് പറ്റിയിട്ടും ചിത്രത്തിൻ്റെ നിർമാതാവായ മഞ്ജു തിരിഞ്ഞു നോക്കിയില്ലെന്നാണ് ആരോപണം. ഷൂട്ടിംഗ് ലൊക്കേഷനിൽ ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്നും പരിക്കേറ്റ് ചികിത്സയിൽ കഴിയുമ്പോൾ ശീതളിന് കാര്യമായ രീതിയിൽ ചികിത്സാ ചിലവ് ലഭിച്ചില്ലെന്നുമാണ് വക്കീൽ നോട്ടീസിൽ പറയുന്നത്. 

സൈജു ശ്രീധരൻ ഒരുക്കിയ ഫുട്ടേജിന്റെ റിലീസ് ദിനത്തിലാണ് ചിത്രത്തിലെ നടിയും നിർമാതാവുമായ മഞ്ജു വാരിയർക്ക് മറ്റൊരു നടിയായ ശീതൾ തമ്പിയുടെ വക്കീൽ നോട്ടീസ്. 2023 ലായിരുന്നു ഫുട്ടേജിന്റെ ചിത്രീകരണം. അന്ന് ചിമ്മിനി വന മേഖലയിൽ ഒരു രംഗം ആവർത്തിച്ച് ചിത്രീകരിച്ചപ്പോൾ തനിക്ക് ഗുരുതരമായി പരിക്കേറ്റു.

ലൊക്കേഷനിൽ ഉണ്ടായിരുന്നവർ ചുമന്നാണ് തന്നെ ചികിത്സയ്ക്കായി കൊണ്ടു പോയത്. ഒരു ആംബുലൻസോ പ്രഥമ ചികിത്സക്കുള്ള സൗകര്യമോ പോലും ലൊക്കേഷനിൽ ഒരുക്കിയിരുന്നില്ല. തനിക്ക് നേരിട്ട ഗുരുതര പരിക്ക് ഇപ്പോഴും മാറിയിട്ടില്ലെന്നും ഇതു കാരണം സിനിമകളിൽ അഭിനയിക്കാനോ കുറച്ച് സമയം നിൽക്കാനോ പോലും സാധിക്കുന്നില്ലെന്നും ശീതൾ തമ്പി ആരോപിക്കുന്നു.

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live | Kerala News | Latest News Updates