കൊച്ചി: യുവ നടിയോട് അപമര്യാദയായി പെരുമാറിയെന്ന് കേസില്‍ ഹണീബി രണ്ടിന്റെ സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍ അടക്കം നാല് പ്രതികള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. എറണാകുളം എ സി ജെ എം കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഹണീബി രണ്ടില്‍ അഭിനയിച്ചതിന് പണം നല്‍കിയില്ലെന്നും ഇത് ചോദിച്ച തന്നോട് അശ്ലീല ഭാഷയില്‍ സംസാരിച്ചുവെന്നുമാണ് യുവ നടിയുടെ പരാതി. അനുവാദമില്ലാതെ ഡ്യൂപ്പിനെ ഉപയോഗിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ സിനിമയില്‍ ഉപയോഗിച്ചതായും പരാതിയിലുണ്ട്. പനങ്ങാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ യുവ നടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് സംവിധായകന്‍ ജീന്‍പോള്‍ ലാല്‍, ശ്രീനാഥ് ഭാസി, സാങ്കേതിക പ്രവര്‍ത്തകരായ അനില്‍, അനിരുദ്ധ് എന്നിവരെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.കേസില്‍ പ്രതികളുടെ അറസ്റ്റ് വേണമെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും പോലീസ് കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.