രജനികാന്തിനെ നായകനാക്കി സൗന്ദര്യ രജനികാന്ത് സംവിധാനം ചെയ്‍ത ചിത്രമായിരുന്നു കൊച്ചടിയാന്‍. ചിത്രം പരാജയപ്പെട്ടതിനെ തുടര്‍ന്ന് അന്നേ ചില വിവാദങ്ങളുയര്‍ന്നിരുന്നു. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ സമയത്ത് എടുത്ത ലോണ്‍ തിരിച്ചെടുത്തില്ല എന്ന പരാതിയുണ്ടായിരുന്നു. രജനീകാന്തിന്റെ ഭാര്യ ലതാ രജനികാന്തിന്റെ ജാമ്യത്തില്‍ 14.6 കോടിയുടെ ലോണ്‍ എടുത്തതായി ആരോപിച്ച് ബംഗളൂരു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആഡ് ബ്യൂറോ അഡ്വര്‍ടൈസിംഗ് പ്രൈവറ്റ് ലിമിറ്റഡ് ആണ് രംഗത്ത് എത്തിയത്. സിനിമാ നിര്‍മ്മാതാക്കള്‍ കുറച്ച് പണം അടച്ചെങ്കിലും ബാക്കിയുണ്ടായിരുന്നു. ഇപ്പോഴിതാ സംഭവം വീണ്ടും ഉയര്‍ന്നുവന്നിരിക്കുകയാണ്.

പണം അടക്കാത്തതുമായി ബന്ധപ്പെട്ട് ലതാ രജനികാന്തില്‍ നിന്ന് മറുപടിയൊന്നുമില്ലെന്ന് കാട്ടി ആഡ് ബ്യൂറോ അഡ്വര്‍ടൈസിംഗ് പ്രൈവറ്റ് ലിമിറ്റഡ് സുപ്രീംകോടതിയെ സമീപിച്ചു. പലിശയിനത്തിലും പണം ലഭിക്കണമെന്നും അവര്‍ അവകാശപ്പെടുന്നു. ഇതുസംബന്ധിച്ച് കോടതി ലതാ രജനികാന്തിന് നോട്ടീസ് അയച്ചിരിക്കുകയാണ്. 12 മാസത്തെ പലിശയിനത്തില്‍ 6.2 കോടി രൂപയും നല്‍കണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. രജനികാന്തും ദീപിക പദുക്കോണുമായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.