തിരുവനന്തപുരം: സിനിമാ പ്രേമികളുടെ ​ഫേസ്​ബുക്ക്​ കൂട്ടായ്​മയായ സിനിമാ പാരഡെെസോ ക്ലബി​ന്‍റെ(സിപിസി) 2018ലെ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. നവാഗതനായ സക്കറിയ ഫുട്ബോള്‍ പശ്ചാത്തലമാക്കിയെടുത്ത സുഡാനി ഫ്രം നെെജീരിയയാണ് മികച്ച ചിത്രം.

സുഡാനിയിലൂടെ സക്കറിയയും മുഹസിന്‍ പരാരിയും മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡും സ്വന്തമാക്കി. ഈ മ യൗമിലൂടെ ലിജോ ജോസ് പെല്ലിശേരി തുടര്‍ച്ചയായ രണ്ടാം വട്ടവും മികച്ച സംവിധായകനുള്ള സിപിസി പുരസ്കാരം നേടിയെടുത്തു. എം. പദ്മകുമാറിന്‍റെ ജോസഫ് എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായ പൊലീസുകാരനിലേക്ക് പകര്‍ന്നാട്ടം നടത്തിയ ജോജു ജോര്‍ജാണ് മികച്ച നടന്‍.

പ്രധാന കഥാപാത്രത്തിന്റേതായ ഗ്രാഫ് വളരുന്നതിന്റെ മുറയ്ക്ക് പ്രകടനത്തിലും അതിനോട് ചേർന്ന് നിൽക്കുന്ന മാറ്റങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞു എന്ന് ജോജുവിന്‍റെ പ്രകടനത്തെ ജൂറി വിലയിരുത്തി. വരത്തനിലെ പ്രിയ പോള്‍ എന്ന കഥാപാത്രത്തിലൂടെ ഐശ്വര്യ ലക്ഷ്മി മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കി.

സുഡാനി ഫ്രം നെെജീരിയ, ഈ മ യൗ എന്നീ ചിത്രങ്ങളിലെ വിസ്മയം തുളുമ്പുന്ന ഫ്രെയിമുകളിലൂടെ മികച്ച ഛായാഗ്രാഹകനായി ഷെെജു ഖാലിദ് തെരഞ്ഞെടുക്കപ്പെട്ടു.  ഈ മ യൗവിലൂടെ വിനായകന്‍ മികച്ച സ്വഭാവ നടനായപ്പോള്‍ ഇതേ സിനിമയിലൂടെ പോളി വില്‍സണും സുഡാനിയിലെ ഉമ്മയെ അവസ്മരണീയമാക്കിയ സാവിത്രി ശ്രീധരനും മികച്ച സഹനടിക്കുള്ള പുരസ്കാരം പങ്കിട്ടു.

രണം ടെെറ്റില്‍ ട്രാക്ക് (മികച്ച ഒര്‍ജിനല്‍ സോംഗ്), രംഗനാഥ് രവി (മികച്ച സൗണ്ട് ഡിസെെനിംഗ്), നൗഫല്‍ അബ്ദുള്ള (മികച്ച എഡിറ്റര്‍), പ്രശാന്ത് പിള്ള (മികച്ച പശ്ചാത്തല സംഗീതം) എന്നിവരാണ് മറ്റ് പുരസ്കാരങ്ങള്‍ നേടിയത്. നേരത്തെ ഇത്തവണത്തെ സ്പെഷ്യല്‍ ഓണററി പുരസ്കാരം ത്യാഗരാജന്‍ മാസ്റ്റര്‍ക്കാണെന്ന് സിപിസി പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി 17ന് കൊച്ചി ഐഎംഎ ഹാളില്‍ ജേതാക്കള്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിക്കും. 

1. മികച്ച നടന്‍ - ജോജു ജോര്‍ജ് 
2. മികച്ച നടി - ഐശ്വര്യ ലക്ഷ്മി
3. മികച്ച ഒര്‍ജിനല്‍ സോംഗ് - രണം ടെെറ്റില്‍ ട്രാക്ക്  
4. മികച്ച സൗണ്ട് ഡിസെെനിംഗ് - രംഗനാഥ് രവി
5. മികച്ച ഛായാഗ്രാഹകന്‍ - ഷെെജു ഖാലിദ് 
6. മികച്ച എഡിറ്റര്‍ - നൗഫല്‍ അബ്ദുള്ള 
7. മികച്ച പശ്ചാത്തല സംഗീതം - പ്രശാന്ത് പിള്ള
8. മികച്ച സ്വഭാവ നടി -- സാവിത്രി ശ്രീധരന്‍, പോളി വില്‍സണ്‍ 
9. മികച്ച സ്വഭാവ നടന്‍ - വിനായകന്‍ 
10. മികച്ച തിരക്കഥ - സക്കറിയ , മുഹസിന്‍ പരാരി 
11. മികച്ച സംവിധായകന്‍ - ലിജോ ജോസ് പെല്ലിശേരി
12. മികച്ച സിനിമ - സുഡാനി ഫ്രം നെെജീരിയ