തീവ്രഹിന്ദുസംഘടനകളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ബെംഗളൂരുവില്‍ മലയാളചിത്രത്തിന്‍റെ ഷൂട്ടിങ് മുടങ്ങി. മുഹമ്മദലി ജിന്നയുടെ ചിത്രമൊട്ടിച്ച ബസ് ഉപയോഗിച്ചതിനെതിരെ ഒരു സംഘം ലൊക്കേഷനിലെത്തി ഭീഷണി മുഴക്കിയതാണ് 'ആഭാസം' എന്ന സിനിമയുടെ ചിത്രീകരണം നിലയ്‌ക്കാന്‍ കാരണമായത്.

ഇന്ത്യന്‍ രാഷ്‌ട്രീയ പരിസരങ്ങളിലെ ചില ആഭാസത്തരങ്ങളെക്കുറിച്ച് പറയുന്ന ആക്ഷേപഹാസ്യ സിനിമയാണ് ആഭാസമെന്നാണ് അണിയക്കാര്‍ പറയുന്നത്. നവാഗതനായ ജുബിത്ത് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ബംഗളൂരുവില്‍ പുരോഗമിക്കുകയായിരുന്നു. സുരാജ് വെഞ്ഞാറമ്മൂട്, റിമ കല്ലിങ്കല്‍, ഇന്ദ്രന്‍സ്, തുടങ്ങിയവരാണ് പ്രധാന വേഷത്തില്‍. ഗാന്ധിയുടെ ചിത്രമൊട്ടിച്ച വെളള നിറമുളള ബസിനെച്ചുറ്റിപ്പറിയാണ് സിനിമ. ഇത് കൂടാതെ നാല് ബസുകളും ചിത്രത്തിലുണ്ട്. അംബേദ്കറുളള നീല ബസ്, ചുവപ്പ് ബസില്‍ മാര്‍ക്‌സിന്‍റെ ചിത്രം, ഗോഡ്സെയുടെ ചിത്രമൊട്ടിച്ച കാവി നിറമുളള ബസ്, പിന്നെ മുഹമ്മദലി ജിന്നയുടെ ചിത്രമുളള പച്ച ബസും. എല്ലാത്തിന്‍റെയും പേര് ഡെമോക്രസി. ബെംഗളൂരുവിലെ ഹൊസൂര്‍ റോഡിലൂടെ ഈ ബസുകള്‍ ഓടിച്ചായിരുന്നു ചിത്രീകരണം. ഇതില്‍ ജിന്നയുടെ സ്റ്റിക്കറൊട്ടിച്ച ബസാണ് പ്രശ്നമായത്. ബസിന്‍റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ തീവ്രഹിന്ദുസംഘനകളുടെ ഗ്രൂപ്പുകളില്‍ പ്രചരിച്ചു. ബസ് കത്തിക്കണമെന്നായിരുന്നു ആഹ്വാനം.

വ്യാഴാഴ്ച വൈകിട്ടോടെ ഇലക്ട്രോണിക് സിറ്റിക്കടുത്ത ഷൂട്ടിങ് ലൊക്കേഷനില്‍ ഒരു സംഘമെത്തി. ജിന്നയുടെ ചിത്രമൊട്ടിച്ചതിന്‍റെ ഉദ്ദേശമെന്തെന്ന ചോദ്യവുമായി ഭീഷണിപ്പെടുത്തിയെന്നാണ് സംവിധായകന്‍ പറയുന്നത്. പൊലീസെത്തി കൂടുതല്‍ പ്രശ്നങ്ങളുണ്ടാകാതിരിക്കാന്‍ ജിന്നയുടെ ചിത്രവും പച്ച നിറവും കളയാന്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ ഗോഡ്സെയുടെ ചിത്രമൊട്ടിച്ചതിന് ആര്‍ക്കും പ്രശ്നമുണ്ടായില്ലെന്ന് ജുബിത്ത് പറയുന്നു.


സംഘര്‍ഷമുണ്ടാകാനുളള സാധ്യത കണക്കിലെടുത്ത് ഷൂട്ടിങ് നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് ബെംഗളൂരു പൊലീസ് വ്യക്തമാക്കി.