തിരുവനന്തപുരം: നോട്ടുകൾ അസാധുവാക്കിയത് മൂലം സിനിമാ രംഗത്തും പ്രതിസന്ധി സൃഷ്ടിക്കുന്നു. നാളെ പുറത്തിറങ്ങാനിരുന്ന രണ്ട് മലയാള സിനിമകളുടെ റിലീസ് 18 ലേക്ക് മാറ്റി. തിയേറ്ററുകളിലെല്ലാം കളക്ഷൻ കുത്തനെ കുറഞ്ഞു. ഓണക്കാലം മുതൽ മലയാള സിനിമയിലുണ്ടായ ചാകരക്കാലത്തിനാണ് നോട്ട് പിന്‍വലിക്കല്‍ കനത്ത തിരിച്ചടി നല്‍കിയിരിക്കുന്നത്.

ആളും ആരവമൊഴിഞ്ഞ നിലയിലാണ് ഇപ്പോള്‍ തിയേറ്ററുകള്‍. ചില്ലറക്ഷാമം പ്രേക്ഷകരെയും തിയേറ്റർ ഉടമകളെയും വലച്ചു.പ്രതിസന്ധി കണക്കിലെടുത്താണ് രണ്ട് സിനിമകളുടെ റിലീസ് മാറ്റിവച്ചത്. നാദിർഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഹൃത്വിക് റോഷന്റെയും സജിത് ജഗന്നാഥന്റെ ഒരേ മുഖത്തിന്റേയും റിലീസാണ് 18ലേക്ക് മാറ്റിയത്.

നൂറുകോടി കടന്ന് മുന്നേറുന്ന പുലിമുരുകനേയും നോട്ട് പ്രശ്നം ബാധിച്ചെന്നും റിപ്പോർട്ടുകളുണ്ട്. മലയാളം മാറി നിൽക്കുമ്പോൾ തമിഴിൽ നിന്നും ജയറാമിന്റെ മകൻ കാളിദാസ് നായകനാകുന്ന മീൻ കുഴമ്പും മൺപാനയും ഗൗതം മേനോന്റെ അച്ചം എൻപതും മടയാമെടായും നാളെ റിലീസിനെത്തും.