പച്ചമീന്‍ വില്‍ക്കുന്നവളെ കല്ലെറിയുന്നത്, പൊരിച്ച മീന്‍ കിട്ടാത്തവരാരും അറിഞ്ഞില്ലേ എന്നായിരുന്നു ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചത്.  

മീന്‍ വിറ്റ് ജീവിതമാര്‍ഗം കണ്ടെത്തുന്ന ഹനാന്‍ എന്ന പെണ്‍കുട്ടിക്ക് പിന്തുണയുമായി നടന്‍ ഹരീഷ് പേരടി. ഹനാനെതിരെ സൈബര്‍ ആക്രമണം നടക്കുന്ന സമയത്ത് ചില സ്ത്രീപക്ഷ പ്രവര്‍ത്തകര്‍ ഇതിനെ കാണാതെ പോകുന്നു എന്ന് ഹരീഷ് വിമര്‍ശിക്കുന്നു.

പച്ചമീന്‍ വില്‍ക്കുന്നവളെ കല്ലെറിയുന്നത്, പൊരിച്ച മീന്‍ കിട്ടാത്തവരാരും അറിഞ്ഞില്ലേ എന്നായിരുന്നു ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചത്. തന്നിലെ സ്ത്രീവാദി ഉണര്‍ന്നത് ഒരു മീന്‍ പൊരിച്ചത് കിട്ടാത്തതു മുതലാണെന്ന് നടി റിമ കല്ലിങ്കല്‍ ഒരിക്കല്‍ പറഞ്ഞിരുന്നു. ടോക് ഷോയിലായിരുന്നു നടിയുടെ പരാമര്‍ശം. ഇതിനെതിരെയും പിന്തുണച്ചും അന്ന് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു. 

തുടര്‍ന്ന് നടി ആക്രമിക്കപ്പെട്ട സംഭവത്തിലടക്കം ശക്തമായ നിലപാടെടുക്കുകയും സ്ത്രീസുരക്ഷയ്ക്കും തൊഴിലിടത്തെ അവകാശങ്ങള്‍ക്ക് വേണ്ടിയും റിമ വാദിക്കുകയും ചെയ്തിരുന്നു. ദിലീപിനെ അഭിനേതാക്കളുടെ സംഘടനയായ ' അമ്മ'യിലേക്ക് തിരിച്ചെടുക്കാന്‍ തീരുമാനിച്ചതിനെതിരെ സംഘടനയില്‍ നിന്ന് റിമയടക്കമുള്ള നടികള്‍ രാജിവച്ചതും സ്ത്രീപക്ഷ നിലപാടുയര്‍ത്തുന്ന സംഭവമായിരുന്നു. 

എന്നാല്‍ സിനിമാ താരത്തിന്‍റെ പ്രശ്നങ്ങളില്‍ മാത്രമാണ് ഇത്തരക്കാര്‍ ഇടപെടുന്നതെന്ന് വിമര്‍ശനമുണ്ടായിരുന്നു. അത്തരത്തിലാണ് ഇവരെ പരിഹസിച്ച് ഹരീഷ് രംഗത്തെത്തിയിരിക്കുന്നത്. കുട്ടിക്കാലത്ത് എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിക്കുമ്പോള്‍ അമ്മ തനിക്ക് പൊരിച്ച മീന്‍ വിളമ്പിയില്ലെന്നും, അതിനെ കുട്ടിയായ താന്‍ ചോദ്യം ചെയ്തുവെന്നുമായിരുന്നു നടി പറഞ്ഞത്. ഈ സംഭവത്തിനെതിരായ ഒളിയമ്പാണ് ഹരീഷ് പോസ്റ്റില്‍ ഉന്നയിക്കുന്നത്.

കൊച്ചി പാലാരിവട്ടം സ്വദേശിനിയായ ഹനാന്‍ എന്ന ബിരുദ വിദ്യാര്‍ഥിനി മീന്‍ വില്‍പന നടത്തുന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ നിരവധി പേര്‍ പിന്തുണയുമായി എത്തിയിരുന്നു. എന്നാല്‍ പിന്നീട് പെണ്‍കുട്ടി പറ്റിക്കുകയാണെന്ന തരത്തില്‍ പ്രചരണം നടക്കുകയും കുട്ടിയെ അപമാനിക്കാന് ശ്രമം നടക്കുകയും ചെയ്തു. ഇതിനെതിരെ ഹനാനും കോളജ് അധികൃതരും രംഗത്തെത്തിയിരുന്നു. 

തുടര്‍ന്ന് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത വയനാട് സ്വദേശി നൂറുദ്ദീന്‍ ഷേക്കിനെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയക്കുകയായിരുന്നു.