ബിഗ് ബോസ് താരം അനുമോൾ ഭാവി വരനെക്കുറിച്ചുള്ള തൻ്റെ സങ്കൽപ്പങ്ങൾ വെളിപ്പെടുത്തി. പുകവലിയില്ലാത്ത, മാതാപിതാക്കളെ നന്നായി നോക്കുന്ന, ജീവിതകാലം മുഴുവൻ കൂടെയുണ്ടാകുന്ന ഒരു പങ്കാളിയെയാണ് താൻ ആഗ്രഹിക്കുന്നതെന്നും അനു.
ബിഗ്ബോസ് വിജയത്തിനു ശേഷം നടി അനുമോളെ അനുകൂലിച്ചും വിമർശിച്ചുമൊക്കെയുള്ള ചർച്ചകൾ ഇപ്പോഴും പുറത്ത് നടക്കുകയാണ്. ഇതിനിടെ തന്റെ യൂട്യൂബ് ചാനലുമായി വീണ്ടും സജീവമാണ് അനുമോൾ. ബിഗ്ബോസിനു ശേഷം ആദ്യമായി സുഹൃത്തും ബിഗ്ബോസ് മുൻതാരവുമായ അഭിഷേക് ശ്രീകുമാറിനെ കണ്ട വിശേഷം അടുത്തിടെ താരം പങ്കുവെച്ചിരുന്നു. താൻ വിവാഹം കഴിക്കാൻ പോകുന്നയാൾ എങ്ങനെയായിരിക്കണം എന്നതു സംബന്ധിച്ചും അനുമോൾ അഭിഷേകിനോട് സംസാരിക്കുന്നുണ്ട്.
''നല്ലൊരു മനുഷ്യനായിരിക്കണം. വലിയ ഭംഗിയൊന്നും വേണ്ട. ജിമ്മിലൊക്കെ പോയി ഹെൽത്ത് നന്നായി നോക്കുന്ന ആളായിരിക്കണം. ഹെൽത്തി ഫുഡ് ഒക്കെയായിരിക്കണം കഴിക്കേണ്ടത്. ഉയരം ആറ് അടി വേണം. ആറടിക്ക് കുറച്ച് താഴെ നിന്നാലും കുഴപ്പമില്ല. കളർ ഏതായാലും പ്രശ്നമില്ല, പക്ഷേ ജിമ്മനായിരിക്കണം. എന്നെ മനസിലാക്കുന്നതും സ്നേഹിക്കുന്നതുമായ വ്യക്തിയായിരിക്കണം. എന്നെ ഒരു കുഞ്ഞിനെപ്പോലെ കൊണ്ടുനടക്കണം. പുകവലിക്കുന്നത് ഇഷ്ടമില്ല, പക്ഷേ ഡ്രിങ്ക്സ് കഴിക്കാം. പുകവലിക്കാൻ തോന്നുകയാണെങ്കിൽ വല്ലപ്പോഴും ആകാം. എന്റെ അച്ഛനെയും അമ്മയെയും സ്വന്തം അച്ഛനമ്മമാരായി കാണണം. ഞാനും തിരിച്ച് അങ്ങനെ കാണും. ജീവിതകാലം മുഴുവൻ എന്റെ കൂടെയുണ്ടായിരിക്കണം, എനിക്ക് രണ്ടും മൂന്നുമൊന്നും കെട്ടാൻ താത്പര്യമില്ല'', എന്നായിരുന്നു അനുമോളുടെ വാക്കുകൾ. നിനക്ക് ടോക്സിക് ആയിട്ടുള്ള ആളുകളെയല്ലേ ഇഷ്ടം എന്ന തമാശരൂപേണയുള്ള അഭിഷേകിന്റെ ചോദ്യത്തിന് അൽപം ടോക്സിക് ആയാലും കുഴപ്പമില്ല, അല്ലെങ്കിൽ അഭിനയമായിത്തോന്നും എന്നായിരുന്നു അനുമോളുടെ മറുപടി.
ബിഗ് ബോസിലേക്ക് പോകുന്നതിന് മുൻപ് തന്നെ അനുമോളും അഭിഷേകും സുഹൃത്തുക്കളായിരുന്നു. ബിഗ് ബോസിലേക്ക് പോകുന്നതിന് മുൻപ് അനുമോൾക്ക് ഒരുപാട് ഉപദേശങ്ങൾ നൽകിയതായും എന്നാൽ അതിൽ ഒന്ന് പോലും പ്രാവർത്തികമാക്കിയില്ലെന്നും അഭിഷേക് തമാശയായി പറയുന്നുണ്ട്.



