ദില്ലി: ദംഗല്‍ ഇന്ത്യയിലെ തിയറ്ററുകളെ വീണ്ടും സജീവമാക്കുകയാണ്. നോട്ട് പ്രതിസന്ധിക്ക് ശേഷം ഇന്ത്യയിലെ തിയറ്ററുകളില്‍ മികച്ച പ്രതികരണം സൃഷ്ടിക്കുകയാണ് ഈ ബോളിവുഡ് പടം എന്നാണ് കണക്കുകള്‍ പറയുന്നത്. ബോളിവുഡ് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് നല്‍കുന്ന കണക്ക് പ്രകാരം 29.78 കോടിയാണ് ദംഗലിന്റെ ആദ്യദിന കളക്ഷന്‍. തമിഴ്, തെലുങ്ക് പതിപ്പുകളില്‍ നിന്ന് നേടിയ 59 ലക്ഷം രൂപ ഉള്‍പ്പെടെയാണിത്. 

ന്യൂസിലന്‍ഡില്‍ റിലീസ് ചിത്രങ്ങളുടെ കൂട്ടത്തില്‍ നാലാമതും ഓസ്‌ട്രേലിയയില്‍ അഞ്ചാമതും ആമിര്‍ചിത്രം എത്തിയെന്നും തരണ്‍ പറയുന്നു. വ്യാഴാഴ്ചത്തെ പ്രിവ്യൂ ഷോകളില്‍ നിന്ന് ന്യൂസിലന്‍ഡില്‍ നേടിയത് 28,000 ഡോളറും ഓസ്‌ട്രേലിയയില്‍ നേടിയത് 5,800 ഡോളറുമാണ്. വെള്ളിയാഴ്ചത്തെ കളക്ഷന്‍ കൂടെ കൂട്ടി ന്യൂസിലന്‍ഡില്‍ നിന്ന് ഇതുവരെ നേടിയത് 43.31 ലക്ഷം രൂപയും ഓസ്‌ട്രേലിയയില്‍ നേടിയത് 1.22 കോടി രൂപയും.

യുഎസില്‍ ബുധനാഴ്ചത്തെ പ്രീമിയര്‍ പ്രദര്‍ശനങ്ങളില്‍ നിന്ന് 2,82,281 ഡോളറും വ്യാഴാഴ്ച 4,24,902 ഡോളറും. കാനഡയില്‍ ബുധനാഴ്ച 43,102 ഡോളറും വ്യാഴാഴ്ച 58,822 ഡോളറും. യുഎസ്, കാനഡ മാര്‍ക്കറ്റുകളില്‍ നിന്ന് ഇതുവരെയുള്ള കളക്ഷന്‍ 8,09,107 ഡോളര്‍ (5.49 കോടി രൂപ)

മറ്റ് പ്രമുഖ ട്രേഡ് അനലിസ്റ്റുകളും സമാനമായ കണക്കുകളാണ് അവതരിപ്പിക്കുന്നത്. നോട്ട് അസാധുവാക്കലിനെത്തുടര്‍ന്ന് തീയേറ്റര്‍ വ്യവസായത്തിനേറ്റ ക്ഷീണം തീര്‍ക്കുന്നതാണ് ദംഗലിന് ലഭിക്കുന്ന പ്രതികരണമെന്ന് തമിഴ്‌നാട്ടിലെ സെന്ററുകളിലെ പ്രകടനം മുന്‍നിര്‍ത്തി ശ്രീധര്‍ പിള്ള നിരീക്ഷിക്കുന്നു. 

ക്രിസ്മസ് അവധിദിനങ്ങളും ശനി, ഞായര്‍ ദിവസങ്ങളും ഒരുമിച്ച് വരുന്നതിനാല്‍ വരും ദിവസങ്ങളില്‍ ചിത്രത്തിന് ഇതിലും മികച്ച കളക്ഷന്‍ ലഭിക്കുമെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. മൂന്ന് ദിവസംകൊണ്ട് ചിത്രം 100 കോടി പിന്നിടുമെന്നാണ് തരണ്‍ ആദര്‍ശിന്‍റെ വിലയിരുത്തല്‍. അതേ സമയം ആദ്യദിവസത്തെ കണക്കില്‍ ദംഗല്‍ സുല്‍ത്താനെ മറികടക്കാന്‍ സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.