മികച്ച പ്രതികരണവുമായി ആമീര്‍ഖാന്‍ ചിത്രം ദംഗല്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്‍. ക്രിസ്മസ് റിലീസായി ഇന്നലെ പുറത്തിറങ്ങിയ ചിത്രം എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഫേസ്ബുക്കില്‍ ലീക്കായി. ദംഗലിന്‍റെ പൂര്‍ണ രൂപമാണ് ഹാഷിം അഹ് എന്ന ഉപഭോക്താവ് ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തത്.

മൂന്നര ലക്ഷത്തിലധികം ഉപഭോക്താക്കള്‍ ഇതിനകം വീഡിയോ കണ്ടു കഴിഞ്ഞു. ദംഗല്‍ ഫെയ്‌സ്ബുക്കില്‍ ഇട്ടതിന് പിന്നാലെ വന്‍തോതില്‍ വീഡിയോ ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. പാകിസ്താനില്‍ നിന്നുമാണ് ദംഗലിന്‍റെ മുഴുനീള പതിപ്പ് അപ് ലോഡ് ചെയ്യപ്പെട്ടിട്ടുള്ളത് എന്നാണ് പ്രാഥമിക സൂചന. 

പതിനെട്ടായിരം ഉപഭോക്താക്കള്‍ ഇതിനകം വീഡിയോ ഡൗണ്‍ലോഡ് ചെയ്തതായാണ് വിവരം. രാജ്യാന്തര തലത്തില്‍ ചിത്രം അയ്യായിരത്തോളം സ്ക്രീനുകളിലാണ് പ്രദര്‍ശിപ്പിച്ച് കൊണ്ടിരിക്കുന്നത്.