ഹൈദരാബാദ്: ബാഹുബലി നടന്‍ റാണാ ദഗ്ഗുബതിയുടെ തീയറ്റര്‍ നവീകരിച്ച് തുറക്കുന്നതിന്‍റെ തലേന്ന് തീ പിടിച്ചു നശിച്ചു. ആന്ധ്രയിലെ ചിരലസിറ്റിയിലുള്ള സുരേഷ് മഹല്‍ തീയേറ്ററാണ് കത്തിനശിച്ചത്. അറ്റകുറ്റപ്പണികള്‍ക്കായി ആറു മാസം മുമ്പ് അടച്ചിട്ട തീയേറ്റര്‍ തുറക്കുന്നതിന് ഒരു ദിവസം മുമ്പായിരുന്നു കത്തിനശിച്ചത്. സ്‌ക്രീന്‍, സീറ്റുകള്‍,സൗണ്ട് സിസ്റ്റം, പ്രൊജക്ടര്‍ എന്നിവ കത്തി നശിച്ചു. 

വന്‍ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വന്‍ തുക മുടക്കി വരുത്തിയ തീയേറ്ററിന്റെ അലങ്കാരത്തിന് പുറമേ 50 ലക്ഷത്തിന്റെ പ്രൊജക്ടറും, പുതിയതായി തയ്യാറാക്കിയ 410 സീറ്റുകളും കത്തി നശിച്ചു. അതേസമയം കൃത്യമായ ഇടപെടല്‍ നടത്തിയതിനാല്‍ ഒരു കോടി രൂപയുടെ വസ്തുക്കള്‍ രക്ഷപ്പെടുത്താനായെന്നാണ് അഗ്നിശമന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരിക്കുന്നത്. എയര്‍ കണ്ടീഷന്‍ സംവിധാനത്തിലെ റിപ്പയറിംഗിനെ തുടര്‍ന്നായിരുന്നു തീ പിടുത്തുമുണ്ടായത്.

തീയറ്ററിന് മുകളില്‍ വന്‍ അഗ്നിബാധ ഉയരുന്നതിന്റെ ചില വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. നവീകരണത്തിന് ശേഷം റാണയുടെ സിനിമയോടെ തന്നെ പ്രദര്‍ശനം പുനരാരംഭിക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. 

തേജ സംവിധാനം ചെയ്ത് റാണ നായകനാകുന്ന 'നേനു രാജാ നേനു മന്ത്രി' എന്ന ചിത്രം വെള്ളിയാഴ്ച തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കാനിരിക്കുകയായിരുന്നു. റാണയുടെ പിതാവും മുതിര്‍ന്ന നിര്‍മ്മാതാവുമായ സുരേഷ് കുമാറിന്‍റെതാണ് തീയേറ്റര്‍.