ലോസ് ഏഞ്ചല്‍സ്: ഹോളിവുഡില്‍ തരംഗം തീര്‍ത്ത മകള്‍ വേര്‍പെട്ടതിന്‍റെ പിറ്റേന്ന് ഇതിഹാസ താരമായ മാതാവും മരണത്തിന് കീഴടങ്ങി. തലേദിവസവും പിറ്റേ ദിവസവുമായി മരണം കൊണ്ടുപോയത് സ്റ്റാര്‍ വാര്‍സ് താരം കാരി ഫിഷറേയും മാതാവ് ഡെബ്ബി റെയ്‌നോള്‍ഡ്‌സിനെയുമാണ്. പാട്ടുകാരിയും നര്‍ത്തകിയും ഹോളിവുഡിലെ ഇതിഹാസ നടിയുമാണ് ഡെബ്ബി റെയ്‌നോള്‍ഡ്‌സ്. 

സിംഗ് ഇന്‍, റെയ്ന്‍ തുടങ്ങി ലോക സംഗീത സിനിമകളിലൂടെ ദശലക്ഷക്കണക്കിന് പ്രേക്ഷകരുടെ ഹൃദയത്തില്‍ വസന്തം വിരിയിച്ച റെയ്‌നോള്‍ഡ്‌സ് ബുധനാഴ്ച വാര്‍ദ്ധക്യസഹജമായ രോഗത്തെ തുടര്‍ന്നാണ് മരിച്ചത്. 84 വയസ്സായിരുന്നു. ചൊവ്വാഴ്ചയായിരുന്നു മകള്‍ കാരി ഫിഷര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞത്. കാരിഫിഷര്‍, സഹോദരി പ്രിന്‍സസ് ലിയ എന്നിവര്‍ക്ക് പുറമേ നടനും നിര്‍മ്മാതാവുമായ ടോഡ് ഫിഷറുമാണ് ഡെബ്ബിയുടെ മക്കള്‍. വാര്‍ദ്ധക്യത്തെ തുടര്‍ന്ന് ടോഡിനൊപ്പമായിരുന്നു ഡെബ്ബി കഴിഞ്ഞു വന്നത്. അനേകം സിനിമകളില്‍ നായികയായ ഡെബ്ബി 'ദി അണ്‍ സിങ്കബിള്‍ മോളി ബ്രൗണ്‍' എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള അക്കാദമി നോമിനേഷന്‍ ഇവര്‍ക്ക് ലഭിച്ചിരുന്നു.

കത്തി നില്‍ക്കുമ്പോഴാണ് ഇവര്‍ ഭര്‍ത്താവ് എഡ്ഡി ഫിഷറുമായി ഇവര്‍ പിരിയുന്നത്. എലിസബത്ത് ടെയ്‌ലറുമായുള്ള ഭര്‍ത്താവിന്റെ പ്രണയത്തെ തുടര്‍ന്നായിരുന്നു വേര്‍ പിരിയല്‍. 1959 ല്‍ ഫിഷര്‍ ടെയ്‌ലറെ വിവാഹം കഴിഞ്ഞു. പിന്നീട് 2001 ലെ ഒരു ടെലിവിഷന്‍ പരിപാടിയില്‍ മകള്‍ കാരിഫിഷറിന്റെ തിരക്കഥയ്ക്ക് വേണ്ടി ഇരുവരും വീണ്ടും ഒന്നിക്കുകയും ചെയ്തിരുന്നു.