സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത തന്‍റെ പുതിയ സിനിമ പത്മാവതിക്കെതിരെയുളള കൂട്ടആക്രമണത്തില്‍ പൊട്ടിത്തെറിച്ച് ബോളിവുഡ് സുന്ദരി ദീപിക പദുക്കോണ്‍. ഇത് ഭയാനകമായ അവസ്ഥയാണ്. ഒരു രാഷ്ട്രം എന്ന നിലയില്‍ എവിടെയാണ് നമ്മള്‍ എത്തിയിരിക്കുന്നത്. പിന്നോട്ടാണ് നമ്മുടെ യാത്ര എന്ന് പത്മാവതിയിലെ റാണി പത്മാവതിയെ അവതരിപ്പിച്ച ദീപിക പറഞ്ഞു.
ഇതൊരു സിനിമയ്ക്കുവേണ്ടിയുള്ള വെറും പോരാട്ടമല്ല എന്നാണ് സിനിമാ ലോകം നല്‍കുന്ന പിന്തുണ തെളിയിക്കുന്നത്. വലിയൊരു കാര്യത്തിനുവേണ്ടിയാണ് നമ്മള്‍ പോരാടുന്നതെന്നും ദീപിക കൂട്ടിച്ചേര്‍ത്തു. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ സെന്‍സര്‍ ബോര്‍ഡിന് മാത്രമേ മറുപടി നല്‍കേണ്ടതുള്ളൂ. ഒന്നിനും ഈ സിനിമയുടെ റിലീസിനെ തടയാന്‍ കഴിയില്ല എന്നാണ് എന്‍റെ വിശ്വാസം. ഒരു സ്ത്രീ എന്ന നിലയില്‍ ഈ ചിത്രത്തിന്‍റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ അഭിമാനമേയുളളൂവെന്നും ദീപിക പറഞ്ഞു.
അതേസമയം ചിത്രത്തിന്‍റെ സംവിധായകനെതിരെ ശക്തമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര സിനിമാ സെന്‍സര്‍ബോര്‍ഡ് അംഗം അര്‍ജുന്‍ ഗുപ്ത കേന്ദ്രമന്ത്രി രാജ്നാഥ് സിങിന് കത്തയിച്ചിരുന്നു. ബി.ജെ.പി എം.എല്‍.എ രാജ് പുരോഹിതും ചിത്രത്തിന്‍റെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര വാര്‍ത്താ വിതരണമന്ത്രി സ്മൃതി ഇറാനിക്കും നിവേദനം സമര്‍പ്പിച്ചിരുന്നു.
പത്മാവതി പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകള്‍ കത്തിക്കുമെന്ന് ബി.ജെ.പി എം.എല്‍.എ രാജാസിംഗ് നേരത്തെ പറഞ്ഞിരുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പദ്മാവതിയുടെ റിലീസ് തടയണമെന്നും ബി.ജെ.പി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ചരിത്രത്തെ വളച്ചൊടിക്കുന്നതാണ് ചിത്രമെന്നും അനുമതി നല്‍കിയ തീരുമാനം സെന്‍സര്‍ ബോര്‍ഡ് പുനഃപരിശോധിക്കണമെന്നും ബി.ജെ.പി വൈസ്പ്രസിഡന്‍റ് ഐ.കെ ജഡേജ പറഞ്ഞു.

രജപുത്ര സംസ്‌കാരത്തെ മോശമായി ചിത്രീകരിച്ചെന്ന് ആരോപിച്ച് രാജ്പുത് കര്‍ണിസേന രണ്ടുതവണ ഷൂട്ടിംഗ് സെറ്റ് ആക്രമിച്ചിരുന്നു. ആദ്യം രാജസ്ഥാനില്‍ വച്ച് സംവിധായകന്‍ ബന്‍സാലിയെ ആക്രമിക്കുകയും സെറ്റ് അഗ്‌നിക്കിരയാക്കുകയും ചെയ്തിരുന്നു. പിന്നീട് കോലാപ്പൂരില്‍ 50,000 ചതുരശ്രയടി വിസ്തൃതിയില്‍ ഒരുക്കിയിരുന്ന സെറ്റും പൂര്‍ണ്ണമായി നശിപ്പിച്ചിരുന്നു.
കൂടാതെ ഗുജറാത്തിലെ സൂറത്തിൽ ഒരുക്കിയ പത്മാവതിയുടെ രംഗോലി കലാരൂപം ഒരുകൂട്ടം സാമൂഹ്യവിരുദ്ധര്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. ജയ് ശ്രീറാം വിളികളുമായി എത്തിയ നൂറോളം വരുന്ന അക്രമിസംഘമാണ് രംഗോലി നശിപ്പിച്ചത്. ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിംഗ്, ഷാഹിദ് കപൂര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.

അലാവുദ്ദീന്‍ ഖില്‍ജിക്ക് ചിറ്റോര്‍ രാജകുമാരിയായ പദ്മാവതിയോട് തോന്നുന്ന പ്രണയമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ബോളിവുഡിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്ന് എന്നതും ചിത്രത്തിന് വാര്‍ത്താ പ്രാധാന്യം നേടികൊടുത്തിരുന്നു. ഡിസംബര്‍ ഒന്നിനാണ് ചിത്രത്തിന്‍റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.


