എപ്പോഴും ചിരിച്ചുമാത്രം ആരാധകര്‍ കണ്ടിട്ടുളള ബോളിവുഡ് സുന്ദരി ദീപിക പദുക്കോൺ സഹിക്കെട്ട് പൊട്ടിത്തെറിച്ചു. താന്‍ നായികയായ പത്മാവതിയുടെ രംഗോലി കലാരൂപം ഒരുകൂട്ടം സാമൂഹ്യവിരുദ്ധര്‍ ക നശിപ്പിച്ചതാണ് ദീപികയെ ചൊടിപ്പിച്ചത്. സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശനമായ നടപടി കൈക്കൊള്ളണമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് ദീപിക ആവശ്യപ്പെട്ടു.
ചിത്രത്തിലെ നായികയായ പത്മാവതിയുടെ മുഖമാണ് ചായക്കൂട്ടില്‍ ഗുജറാത്ത് കലാകാരനായ കരൺ ഒരുക്കിയത്. 48 മണിക്കൂറുകള്‍ കൊണ്ടാണ് കരൺ ഇതൊരുക്കിയത്. ഗുജറാത്തിലെ സൂറത്തിൽ ഒരുക്കിയ കലാരൂപമാണ് ജയ് ശ്രീറാം വിളികളുമായി എത്തിയ നൂറോളം വരുന്ന അക്രമിസംഘം പൂർണമായി നശിപ്പിച്ചത്.
''കരണിനും അദ്ദേഹത്തിന്‍റെ കലാസൃഷ്ടിക്കും എതിരെ നടന്ന ആക്രമണത്തിന്‍റെ കാഴ്ച അങ്ങേയറ്റം ഹൃദയഭേദകമാണ്. മനസ്സിനെ തകര്‍ക്കുന്നതാണിത്. ആരാണ് ഇതിന് ഉത്തരവാദികള്‍. ഇവര്‍ ആരാണ്. ഇനിയും എത്രകാലം ഇത് തുടരാന്‍ നമ്മള്‍ അനവദിക്കും. ഇതിന് ഒരു അവസാനം വേണം. ഇതിനെതിരെ നടപടി വേണം''- ട്വിറ്ററിലൂടെ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയോട് ദീപിക ആവശ്യപ്പെട്ടു.
ചിത്രത്തിന് നേരെ പ്രശ്‌നങ്ങള്‍ വിടാതെ പിന്തുടരുകയാണ്. തങ്ങളുടെ വികാരം വൃണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് രജപുത്രരുടെ സംഘടന നേരത്തെ ചിത്രത്തിനെതിരെ രംഗത്തുവന്നിരുന്നു. രജപുത്ര കര്‍ണി സേനാംഗങ്ങള്‍ സെറ്റ് ആക്രമിക്കുക വരെ ചെയ്തു.
സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റാണി പത്മാവതിയായി ദീപിക എത്തുമ്പോള്‍ രാവല്‍ രത്തന്‍ സിങായി ഷാഹിദ് കപൂറും രജപുത്ര സാമ്രാജ്യത്തെ ആക്രമിച്ച സുല്‍ത്താന്‍ അലാവുദ്ദീന്‍ ഖില്‍ജിയായി
രണ്‍വീര്‍ സിങ്ങും വേഷമിടുന്നു. ചിത്രത്തിന്‍റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ചിത്രം ഡിസംബർ ഒന്നിന് തിയറ്ററുകളിൽ എത്തും.
