മുംബൈ: പത്മാവത് കണ്ട് യോനിയായി ചുരുങ്ങിയെന്ന ബോളിവുഡ് നായിക സ്വര ഭാസ്‌കറിന് മറുപടിയുമായി ചിത്രത്തില്‍ പത്മാവതിയായി അഭിനയിച്ച ദീപിക പദുക്കോണ്‍. സിനിമ തുടങ്ങും മുന്‍പ് എഴുതി കാണിക്കുന്ന മുന്നറിയിപ്പ് സ്വര ഭാസ്‌കര്‍ ശ്രദ്ധിച്ചു കാണില്ലെന്നാണ് ദീപിക പറഞ്ഞത്. സിനിമ തുടങ്ങും മുന്‍പ് എഴുതിക്കാണിക്കുന്ന ഡിസ്‌ക്ലൈമറില്‍ സിനിമയില്‍ ഒരു തരത്തിലുള്ള ആചാരങ്ങളെയും പ്രകീര്‍ത്തിക്കാന്‍ ശ്രമിക്കുന്നില്ലെന്ന് വ്യക്തമായി പറയുന്നുണ്ട്. ചിലപ്പോള്‍ അത് കാണിക്കുന്ന സമയത്ത് സ്വര പോപ്പ്കോണ്‍ വാങ്ങാന്‍ പോയി കാണുമെന്നും ദീപിക പരിഹസിച്ചു.

ആ സിനിമ ഏതു കാലഘട്ടത്തെ അടിസ്ഥാനമാക്കി ചിത്രീകരിച്ചതാണെന്ന് മനസിലാക്കണമെന്നതാണ് രണ്ടാമത്തെ കാര്യം. ജോഹര്‍ എന്ന ആചാരത്തെ കുറിച്ചു മാത്രമല്ല ആ സിനിമ, അതിനുമപ്പുറം സ്ത്രീകളുടെ അഭിമാനത്തിന് വേണ്ടി നിലകൊള്ളുന്നുവെന്നാണ് ഞാന്‍ കരുതുന്നത്. സൂം ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ദീപിക പദുക്കോണ്‍ പറഞ്ഞു. സിനിമ കണ്ടതിന് ശേഷം താനൊരു യോനിയായി ചുരുങ്ങിയതായി തോന്നിയെന്ന് സ്വര ദ് വയറില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞിരുന്നു.