വിവാദങ്ങള്‍ക്കിടയിലും പത്മാവത് റിലീസിന് തയ്യാറെടുക്കുകയാണ്. ഇതോടെ ഈ ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള കൂടുതൽ വിവരങ്ങള്‍ പുറത്തുവരികയാണ്. ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി 20 കിലോയോളം വരുന്ന സ്വര്‍ണാഭരങ്ങളാണ് ദീപിക പദുകോണ്‍ ധരിച്ചതെന്നാണ് ഏറ്റവും പുതിയ വിവരം. ഇതിന് ഏകദേശം 11.79 കോടി രൂപ ചെലവായതായാണ് റിപ്പോര്‍ട്ട്. ഈ 20 കിലോഗ്രാം സ്വര്‍ണാഭരണം നിര്‍മ്മിക്കാൻവേണ്ടി 400 കിലോ സ്വര്‍ണം ഉപയോഗിച്ചെന്നാണ് സൂചന. സഞ്ജയ് ലീല ബൻസാലി അണിയിച്ചൊരുക്കിയ പത്മാവതിൽ റാണി പത്മിനി എന്ന രാജകുമാരിയായാണ് ദീപിക വേഷമിടുന്നത്. പതിമൂന്നാം നൂറ്റാണ്ടിലെ രജപുത്ര രാജാവായിരുന്ന രത്തൻസെന്നിന്റെ ഭാര്യയാണ് റാണി പത്മിനി. വിവാഹസമ്മാനമായി നിലവറയിൽ കരുതിയിരുന്ന അമൂല്യമായ സ്വര്‍ണാഭരണങ്ങളാണ് രത്തൻസെൻ, റാണി പ്തമിനിക്ക് നൽകിയത്. ഈ ആഭരണങ്ങള്‍, ചരിത്രകൃതിയിലെ വിവരണത്തിന് അനുസൃതമായി സിനിമയ്‌ക്കുവേണ്ടി പുനഃസൃഷ്ടിക്കുകയായിരുന്നു. ദില്ലി സുൽത്താനായിരുന്ന അലാവുദ്ദീൻ ഖിൽജി, റാണി പത്മിനിയുടെ സൗന്ദര്യത്തിൽ ആകൃഷ്ടനാകുകയും അവരെ സ്വന്തമാക്കാൻ ശ്രമിക്കുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. എന്നാൽ ഇത് തങ്ങളുടെ ചരിത്രത്തെ വളച്ചൊടിച്ച് വികൃതമാക്കുകയാണെന്നാണ് രജപുത്രസമൂഹത്തിന്റെ ആക്ഷേപം. ഇതേത്തുടര്‍ന്ന് സെൻസര്‍ഷിപ്പിൽ ഉള്‍പ്പടെ ചിത്രം ഏറെ വിവാദമായിരുന്നു. ഒടുവിൽ ചിത്രം നിരോധിക്കണമെന്ന ഹര്‍ജികളെല്ലാം സുപ്രീംകോടതി തള്ളിയതോടെയാണ്, പത്മാവത് റിലീസിനെത്തുന്നത്.