ഡെന്നിസ് വില്ലനോവ് ജെയിംസ് ബോണ്ട് ചലച്ചിത്ര പരമ്പരയിലെ അടുത്ത ചിത്രം സംവിധാനം ചെയ്യും. ആമസോൺ എംജിഎം സ്റ്റുഡിയോസിന്റെ കീഴിലുള്ള ആദ്യ ബോണ്ട് ചിത്രമായിരിക്കും ഇത്.
ഹോളിവുഡ്: സംവിധായകന്‍ ഡെന്നീസ് വില്ലനോവ് ജെയിംസ് ബോണ്ട് ചലച്ചിത്ര പരമ്പരയിലെ അടുത്ത ചിത്രം സംവിധാനം ചെയ്യും. 'ഡ്യൂന്‍, 'അറൈവൽ' , 'ബ്ലേഡ് റണ്ണർ 2049' തുടങ്ങിയ വിഖ്യാത ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനെ പുതിയ ചിത്രം ഏല്‍പ്പിച്ചതായി നിര്‍മ്മാതാക്കളായ ആമസോൺ എംജിഎം സ്റ്റുഡിയോസ് പ്രഖ്യാപിച്ചു.
കാനേഡിയനായ ഓസ്കാർ നോമിനേഷന്‍ ലഭിച്ച സംവിധായകനാണ് ഡെന്നീസ് വില്ലനോവ്. 2022-ൽ 8.5 ബില്യൺ ഡോളറിന് എംജിഎം സ്റ്റുഡിയോസിനെ ആമസോൺ ഏറ്റെടുത്തതിന് ശേഷം ജെയിംസ് ബോണ്ട് ഫ്രാഞ്ചൈസിയുടെ ക്രിയേറ്റീവ് നിയന്ത്രണം ആമസോണിനാണ്. ഈ ചിത്രം ആമസോൺ എംജിഎമ്മിന്റെ കീഴിലുള്ള ആദ്യ ബോണ്ട് ചിത്രമായിരിക്കും.
വില്ലനോവിന്റെ ഭാര്യയും ക്രിയേറ്റീവ് ഡയറക്ടറുമായ താന്യ ലാപോയിന്റ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി ചിത്രത്തിൽ പ്രവര്‍ത്തിക്കും. മുമ്പ് പ്രഖ്യാപിച്ചതുപോലെ എമി പാസ്കലും ഡേവിഡ് ഹേമാനും പ്രൊഡ്യൂസർമാരായി ചിത്രത്തിലുണ്ടാക്കും.
"എന്റെ ബാല്യകാലത്തെ ആദ്യകാല സിനിമാ ഓർമ്മകൾ ജെയിംസ് ബോണ്ട് ചിത്രങ്ങളുമായി ബന്ധപ്പെട്ടവയാണ്. ഷോൺ കോണറിയുടെ 'ഡോ. നോ' മുതൽ ഞാൻ എന്റെ പിതാവിനൊപ്പം ജെയിംസ് ബോണ്ട് ചിത്രങ്ങൾ കണ്ടാണ് വളർന്നത്. ഞാൻ ഒരു കടുത്ത ബോണ്ട് ആരാധകനാണ്. എനിക്ക് ബോണ്ട് സിനിമ എന്നത് വിശുദ്ധമായ ഒരു കാര്യമാണ്. ഈ പാരമ്പര്യത്തെ ബഹുമാനിക്കുകയും പുതിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്ന" വില്ലനോവ് പ്രസ്താവനയിൽ പറഞ്ഞു.
1962-ൽ ആൽബർട്ട് "ക്യൂബി" ബ്രോക്കോളി ആരംഭിച്ച ജെയിംസ് ബോണ്ട് ചലച്ചിത്ര പരമ്പര, ബാർബറ ബ്രോക്കോളിയും മൈക്കൽ ജി. വിൽസനും ചേർന്നാണ് കഴിഞ്ഞ രണ്ട് ദശബ്ദമായി നിര്‍മ്മിച്ചിരുന്നത്. എന്നാൽ, 2025 ഫെബ്രുവരിയിൽ ഇവർ ക്രിയേറ്റീവ് നിയന്ത്രണം ആമസോണിന് വിട്ടുകൊടുത്തു.
'ഡ്യൂണ്‍' (2021), 'ഡൂൺ: പാർട്ട് ടു' (2024) എന്നിവയിലൂടെ 1.1 ബില്യൺ ഡോളറിലധികം ബോക്സ് ഓഫീസ് വരുമാനവും 15 ഓസ്കാർ നോമിനേഷനുകളും നേടിയ വില്ലനോവ് സിനിമാ ലോകത്ത് തന്റേതായ മുദ്ര പതിപ്പിച്ചിട്ടുണ്ട്. 'അറൈവൽ' (2016) എന്ന ചിത്രത്തിന് മികച്ച സംവിധായകനുള്ള ഓസ്കാർ നോമിനേഷനും 'ഡൂൺ: പാർട്ട് ടു'വിന് മികച്ച ചിത്രത്തിനുള്ള നോമിനേഷനും ലഭിച്ചു.
2021-ലെ 'നോ ടൈം ടു ഡൈ' എന്ന ചിത്രത്തോടെ ഡാനിയൽ ക്രെയ്ഗ് ജെയിംസ് ബോണ്ടായുള്ള തന്‍റെ ചലച്ചിത്ര യാത്ര അവസാനിച്ചതിന് ശേഷം, ആരാകും പുതിയ 007 എന്ന ചോദ്യം ആരാധകർക്കിടയിൽ ചർച്ചയാണ്. വില്ലനോവിന്‍റെ ജെയിംസ് ബോണ്ട് ആരായിരിക്കും എന്ന ആകാംക്ഷയിലാണ് സിനിമ ലോകം.


