ചെന്നൈ: നടി ധന്‍സികയെ പൊതുവേദിയില്‍ അപമാനിച്ച് കരയിപ്പിച്ച നടനും സംവിധായകനുമായ ടി രാജേന്ദ്രനെതിരെ നടികര്‍ സംഘം ജനറല്‍ സെക്രട്ടറി വിശാല്‍. രാജേന്ദറിനെപ്പോലെയുള്ള ഇത്രയും മുതിര്‍ന്ന താരത്തിന്റെ പെരുമാറ്റം മോശമായിപ്പോയി. ഈ സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്ന് പത്രക്കുറിപ്പില്‍ വിശാല്‍ വ്യക്തമാക്കി.
'വഴിത്തിരു' എന്ന സിനിമയുടെ പ്രമോഷനായി സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു രാജേന്ദറിന്റെ മോശം പെരുമാറ്റം. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ച ധന്‍സിക ഒരിക്കല്‍പ്പോലും തന്റെ പേര് പരാമര്‍ശിച്ചില്ലെന്നായിരുന്നു രാജേന്ദറിന്റെ പരാതി. ധന്‍സിക മാപ്പു പറഞ്ഞിട്ടും കേള്‍ക്കാതെ തുടര്‍ച്ചയായി വഴക്കിട്ടു. അവസാനം ധന്‍സിക കരയുകയും ചെയ്തു. സംഭവം വന്‍ വിവാദമായി മാറിയിരുന്നു.
ഇതിനെതിരെ ശക്തമായാണ് വിശാല്‍ പ്രതികരിച്ചിരിക്കുന്നത്. വാര്‍ത്താ സമ്മേളനത്തിനിടെ തന്റെ പേര് പരാമര്‍ശിക്കാന്‍ വിട്ടുപോയ ധന്‍സികയെ ടി രാജേന്ദര്‍ തുടര്‍ച്ചയായി അപമാനിച്ചതായി അറിഞ്ഞു. ധന്‍സിക മാപ്പു പറഞ്ഞിട്ട് പോലും. ടിആര്‍ ഒരു ബഹുമുഖ പ്രതിഭയാണ്. വലിയൊരു സദസ്സിനെ അഭിമുഖീകരിക്കുമ്പോള്‍ നമ്മള്‍ പലരുടെയും പേര് വിട്ടുപോകുന്നത് സ്വാഭാവികമാണ്. ഞാനും ഇത്തരത്തില്‍ പ്രമുഖരുടെ പേര് പറയാന്‍ വിട്ടുപോയിട്ടുണ്ട്.
തന്റെ പേര് പറയാന്‍ മറന്നു പോയെന്ന് ടിആര്‍ പറഞ്ഞപ്പോള്‍ ധന്‍സിക കാലില്‍ തൊട്ടുപോലും മാപ്പ് ചോദിച്ചു. പക്ഷേ തന്‍റെ മകളുടെ പ്രായം മാത്രമുള്ള ധന്‍സികയോട് അദ്ദേഹം ക്ഷമിക്കാന്‍ തയ്യാറായില്ല. ക്ഷമാപണം നടത്തിയിട്ടും ധന്‍സികയെ നിരന്തരം ലക്ഷ്യമിട്ട ടിആര്‍ രാജേന്ദറിന്‍റെ പ്രവര്‍ത്തിയെ ഞാന്‍ ശക്തമായി അപലപിക്കുന്നു എന്ന് വിശാല്‍ പറഞ്ഞു.
