തമിഴ് യുവതാരം ധനുഷിന്‍റെ മാതാപിതാക്കളെന്ന അവകാശവുമായി വൃദ്ധ ദമ്പതികള്‍ രംഗത്ത് വന്നത് കോളിവുഡിലെ വലിയ വിവാദമാണ്. രക്ഷിതാക്കളെന്ന് അവകാശപ്പെട്ട് രംഗത്ത് വന്നവര്‍ തട്ടിപ്പുകാരാണെന്ന് പറഞ്ഞ് ധനുഷ് അവകാശവാദങ്ങളെ എതിര്‍ക്കുകയും ചെയ്തിരുന്നു. എന്നാലിപ്പോള്‍ ധനുഷിനെ ഡിഎന്‍എ ടെസ്റ്റിന് വെല്ലുവിളിച്ച് വൃദ്ധ ദമ്പതികള്‍ അവകാശവാദം ശക്തമാക്കിയതോടെ വിവാദം കത്തുകയാണ് കോളിവുഡില്‍. അതേസമയം ഡിഎന്‍എ ടെസ്റ്റ് ആവശ്യമില്ലെന്നും വാദങ്ങള്‍ കോടതിയെ അറിയിച്ചിട്ടുണ്ടെന്നുമാണ് ധനുഷിന്റെ വക്കീല്‍ പറയുന്നത്.
മികച്ചവേഷങ്ങളിലൂടെ സൂപ്പര്‍താര പദവിയിലേക്ക് കുതിക്കുകയായിരുന്നു ധനുഷ്. എന്നാല്‍ താരപ്രഭയില്‍ നില്‍ക്കെ താരത്തിന് കനത്ത പ്രഹരമായിരിക്കുകയാണ് രക്ഷിതാക്കളെന്ന് അവകാശപ്പെട്ട് രണ്ട് പേര്‍ രംഗത്തെത്തിയത്. ആദ്യം ചില വാദപ്രതിവാദങ്ങലിലൂടെ പ്രചാരണത്തെ പ്രതിരോധിച്ചെങ്കിലും ഇപ്പോള്‍ താരം കൂടുതല്‍ സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്. ഡിഎന്‍ഐ ടെസ്റ്റിന് വെല്ലുവിളിച്ചിരിക്കുകയാണ് മാതാപിതാക്കളെന്ന് അവകാശപ്പെട്ട് രംഗത്ത് വന്നവര്‍.
മധുരൈയിലുള്ള കതിരേശനും മീനാക്ഷിയുമാണ് ധനുഷ് തങ്ങളുടെ ഇളയമകനാണെന്ന അവകാശവാദവുമായി കോടതിയിലെത്തിയിരുന്നത്. ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും സ്‌കൂളില്‍ പഠിക്കുമ്പോള്‍ നാടുവിട്ടുപോയതാണെന്നുമാണ് ദമ്പതികളുടെ വാദം. 1985 നവംബര്‍ ഏഴിന് ജനിച്ച ധനുഷിന്റെ യഥാര്‍ത്ഥ പേര് കാളികേശവന്‍ എന്നാണെന്നും ദമ്പതികള്‍ അവകാശപ്പെടുന്നു. പ്രായം ചെന്ന തങ്ങളുടെ ജീവിതച്ചെലവിനു മാസം 65,000 രൂപ വീതം ധനുഷ് നല്‍കണമെന്നാവശ്യപ്പെട്ടാണു കോടതിയെ സമീപിച്ചത്. ധനുഷിന്റെതാണെന്ന് അവകാശപ്പെടുന്ന പഴയ ഫോട്ടോയും ഇവര്‍ തെളിവിനായി കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. കേസ് പരിഗണിച്ച മേലൂര്‍ ജുഡിഷ്യല്‍ മജിസ്‍ട്രേട്ട് കോടതി നേരിട്ടു ഹാജരാകാന്‍ ധനുഷിനോടു നിര്‍ദേശിച്ചിരുന്നു. ഡിഎന്‍എ പരിശോധനയ്‌ക്ക് വെല്ലുവിലിച്ചതിന് പിന്നാലെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരിക്കുയാണ് കോടതി. മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബഞ്ചാണ് ധനുഷിനോട് സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെട്ടത്. തന്റെ വാദത്തിന് ആധാരമായി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും ജനനസര്‍ട്ടിഫിക്കറ്റും ധനുഷ് സമര്‍പ്പിച്ചിരുന്നു. ധനുഷ് മകനാണെന്ന് തെളിയിക്കുന്ന കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാമെന്ന് കതിരേശനും അറിയിച്ചിട്ടുണ്ട്. ബന്ധുക്കളും സുഹൃത്തുക്കളും സ്‌കൂള്‍ സഹപാഠികളും ധനുഷ് കാളികേശവനാണെന്ന് തെളിയിക്കാന്‍ തങ്ങള്‍ക്കൊപ്പം ഉണ്ടെന്നും ദമ്പതികള്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
ധനുഷ് തങ്ങളുടെ മകനാണെന്നും അവനെ തിരികെ വേണമെന്നുമാണ് തിരുപ്പുവനം സ്വദേശികളായ ഇവരുടെ ആവശ്യം.
2002 ല്‍ പഠനത്തില്‍ പരാജയപ്പെട്ടപ്പോള്‍ ധനുഷ് വീടു വിട്ട് പോയതാണെന്നാണ് ഇവരുടെ വാദം. കാണാതായ മകനെ കണ്ടെത്താന്‍ ഏറെ നാള്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും പിന്നീട് സിനിമ കണ്ടപ്പോഴാണു തിരിച്ചറിഞ്ഞതെന്നും ഇവര്‍ പറയുന്നു. തുടര്‍ന്നാണ് കോടതിയെ സമീപിച്ചതെന്നും ധനുഷ് സംവിധായകന്‍ കസ്തൂരി രാജയുടെ കസ്റ്റഡിയിലാണെന്നും ദമ്പതികള്‍ ആരോപിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇതിന് മുന്‍പ് ഇവര്‍ പൊലീസിനും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. ധനുഷും അദ്ദേഹത്തിന്റെ കുടുംബവും തങ്ങളെ കാണാന്‍ വിസമ്മതിക്കുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. തമിഴ്നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനിലെ ജീവനക്കാരനായിരുന്നു കതിരേശന്‍.
