ദില്ലി: രണ്ട് ദിവസം മുന്‍പ് മാത്രമാണ് കേന്ദ്രമന്ത്രിയും മുന്‍ നടിയുമായ സ്മൃതി ഇറാനി ഇന്‍സ്റ്റാഗ്രാമില്‍ തന്‍റെ അക്കൗണ്ട് ആരംഭിച്ചത്. വളര്‍ത്തുമകള്‍ ഷനെല്ലെ ഇറാനിയുടെ സുന്ദരമായൊരു ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു സ്മൃതിയുടെ രംഗപ്രവേശം. കുടുംബചിത്രം. ഒരാളുടെ അഭാവം വല്ലാതെ അറിയുന്നു എന്ന കുറിപ്പോടുകൂടിയാണ് ഷനെല്ലെയുടെ ഫോട്ടോ സ്മൃതി പോസ്റ്റ് ചെയ്തത്.

സ്മൃതിയുടെ ഭര്‍ത്താവ് സുബിന്‍ ഇറാനിയുടെ ആദ്യ ഭാര്യയിലെ മകളാണ് ഷനെല്ലെ. മുന്‍ സൗന്ദര്യറാണി മോണ ഇറാനിയാണ് ഷനെല്ലെയുടെ അമ്മ.
സ്മൃതിയുടെ പോസ്റ്റ് വന്ന ഉടനെ വലിയൊരു രഹസ്യവുമായി ഷാരൂഖ് ഖാന്‍ രംഗത്തെത്തി. സുബിന്‍ ഇറാനിയുടെ മകള്‍ക്ക് ഷനെല്ലെ എന്നു പേരിട്ടത് താനാണെന്ന രഹസ്യം. എന്റെ കളിക്കൂട്ടുകാരന്‍ സുബിന്റെ മകള്‍ ഇപ്പോള്‍ വളര്‍ന്ന് സുന്ദരിയായി. എല്ലാവരും അറിയാന്‍ ഞാന്‍ പറയട്ടെ അവള്‍ക്ക് ഷനെല്ലെ എന്ന് പേരിട്ടത് ഞാനാണ്. ഷാരൂഖ് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

ടി.വിയില്‍ നിന്ന് വന്ന് ബോളിവുഡ് കീഴടക്കിയ നടനാണ് ഷാരൂഖ്. രാഷ്ട്രീയത്തില്‍ ഇറങ്ങുംമുന്‍പ് ക്യോംകി സാസ് ബി കഭി ബഹു തിയിലൂടെ ടെലിവിഷന്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന താരമായിരുന്നു സ്മൃതി. 

2001ലാണ് സ്മൃതി ബിസിനസുകാരനായ സുബിന്‍ ഇറാനിയെ വിവാഹം കഴിക്കുന്നത്. സോര്‍, സോയിഷ് എന്നീ രണ്ട് മക്കളാണ് ഇവര്‍ക്കുള്ളത്. സ്മൃതിയുടെ വളര്‍ത്തുമകളായ ഷനെല്ലെ ഇറാനി ജോര്‍ജ്ടൗണ്‍ സര്‍വകലാശാലയിലെ നിയമവിദ്യാര്‍ഥിയാണ്.