റിയോ: ഇന്‍റര്‍വ്യൂ ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകയോട് പൂവാല സ്വഭാവം കാണിച്ച ഹോളിവുഡ് താരം വിന്‍ ഡീസല്‍ വിവാദത്തില്‍. അഭിമുഖത്തിനെത്തിയ കാരള്‍ മൊറേയ് എന്ന ബ്രസീലിയന്‍ ലേഖികയ്ക്കാണ് ജോലിക്കിടയില്‍ പല തവണ താരത്തിന്‍റെ പൂവാല ശല്യത്തിന് ഇരയാകേണ്ടി വന്നത്. ചോദ്യത്തിന് മറുപടി പറയുന്നതിന് പകരം മാധ്യമപ്രവര്‍ത്തകയുടെ അംഗലാവണ്യം ആസ്വദിക്കാനും അവരെ പുകഴ്ത്താനുമാണ് വിന്‍ ഡീസല്‍ സമയം കണ്ടെത്തിയത്. 

റിപ്പോര്‍ട്ടര്‍ സുന്ദരിയും സെക്‌സിയും ആണെന്നും പറഞ്ഞ വിന്‍ഡീസല്‍ ബ്രസീലിലെ ഏറ്റവും മനോഹരമായ പെണ്‍കുട്ടിയാണോ ഇതെന്നും ചോദിച്ചു. തനിക്ക് അഭിമുഖം ചെയ്യാന്‍ കഴിയില്ലെന്നും താരം പറഞ്ഞു. അഭിമുഖത്തിനിടയില്‍ സ്വന്തം കസേരയില്‍ നിന്നും എഴുന്നേറ്റ് ഭയപ്പെടുത്തുന്ന വിധത്തില്‍ കാരളിന്‍റെ അരികിലേക്ക് നടന്നു വരിക പോലും ചെയ്തു. 

വെറും 12 മിനിറ്റ് മാത്രമായിരുന്നു അഭിമുഖം.  ഇതിനിടെ ഒരു നൂറു തവണ മാധ്യമപ്രവര്‍ത്തകയെ പുകഴ്ത്താന്‍ വിന്‍ഡീസല്‍ ചെയ്തത്. ഒരു ഘട്ടത്തില്‍ ബേബി എന്ന് പോലും യുവതിയെ വിന്‍ഡീസല്‍ വിളിച്ചു. അതേസമയം ഡീസലിന്‍റെ അഭിനന്ദനങ്ങള്‍ പലപ്പോഴും അരോചകമായിരുന്നു എന്നാണ് മൊറേറ പ്രതികരിച്ചത്. 

അഭിമുഖത്തിനിടയില്‍ പല തവണ തന്നെ മനോഹരി എന്ന് വിളിച്ച് എല്ലാം തടസ്സപ്പെടുത്തി. താന്‍ എന്തു ചെയ്യണമെന്ന് അറിയാതെ ആ സമയത്തെല്ലാം വെറും വിഡ്ഡിച്ചിരിയുമായി ഇരിക്കുകയായിരുന്നു. വളരെ വിദഗ്ദ്ധമായി കൈകാര്യം ചെയ്യേണ്ട വേളയായിരുന്നതിനാല്‍ ചിരിക്കുയല്ലാതെ വേറെ മാര്‍ഗ്ഗമില്ലായിരുന്നു. എങ്ങിനെ പ്രതികരിക്കണമെന്ന് പോലും നിശ്ചമില്ലാതെ പോയെന്നും മൊറേറ പറഞ്ഞു.