കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായുള്ള പൊലീസ് യോഗം ഇന്നു നടക്കും. എഡിജിപി ബി സന്ധ്യയുടെ സാന്നിധ്യത്തില്‍ രാത്രി ഏഴു മണിയോടെ ആലുവ പൊലീസ് ക്ലബിലാണ് അന്വേഷണ സംഘം അവസാന വട്ട കൂടിയാലോചന നടത്തുന്നത്. 

നിലവില്‍ പതിനൊന്നാം പ്രതിയായ ദിലീപിനെ കുറ്റപത്രത്തില്‍ ഒന്നാം പ്രതിയാക്കാനാണ് ആലോചന. അന്തിമ പ്രതിപ്പട്ടിക്കും ഇന്നത്തെ യോഗത്തോടെ തീരുമാനമാകും. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തില്ലെങ്കിലും മുഖ്യ ആസൂത്രകനും ഗൂഡാലോചനക്കാരനും എന്ന നിലയിലാണ് ദിലീപ് പ്രധാന പ്രതി സ്ഥാനത്തേക്ക് കൊണ്ടുവരുന്നത്.

പൊലീസ് അടുത്ത ആഴ്ച കുറ്റപത്രം സമര്‍പ്പിക്കും. സുനില്‍ കുമാറിന് നടിയോട് പൂര്‍വ്വ വൈരാഗ്യമില്ലന്ന കണ്ടെത്തലാണ് ദിലീപിനെ ഒന്നാം പ്രതിയാക്കാനുള്ള കാരണമെന്നാണ് സൂചന. കൂട്ടമാനഭംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, തെളിവു നശിപ്പിക്കല്‍, പ്രതിയെ സംരക്ഷിക്കല്‍, തൊണ്ടി മുതല്‍ സൂക്ഷിക്കല്‍, ഭീഷണി, അന്യായമായി തടങ്കലില്‍ വയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ദിലീപിനെതിരെ ചുമത്തും.

സുനില്‍ കുമാറിന് ലഭിച്ച ക്വട്ടേഷന്‍ പ്രകാരമാണ് നടിയെ ഇയാള്‍ ആക്രമിക്കുന്നത്. ദിലീപ് പറഞ്ഞത് എന്താണോ അതുമാത്രമാണ് കൃത്യത്തില്‍ പങ്കെടുത്തവര്‍ ചെയ്തതെന്ന് അന്വേഷണ സംഘം കണ്ടെത്തി. ക്വട്ടേഷന്‍ നല്‍കിയത് ദിലീപ് ആണെന്നും കൃത്യത്തിന്റെ ഓരോ വിവരങ്ങളും ദിലീപ് അറിയുന്നുണ്ടായിരുന്നു എന്ന വിവരവും അന്വേഷണ സംഘം പരിഗണിച്ചു.

ദിലീപിന് നടിയോടുള്ള വ്യക്തി വൈരാഗ്യം മാത്രമാണ് ആക്രമണത്തിന് പിന്നില്‍. നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചനയില്‍ പങ്കെടുത്തത് കൃത്യം ചെയ്യുന്നതിന് തുല്ല്യമെന്ന നിയമോപദേശമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. അതുകൊണ്ട് തന്നെ ദിലീപിനെ ഒന്നാം പ്രതിയാക്കാനും സുനില്‍ കുമാറിനെ രണ്ടാം പ്രതിയാക്കാനും സാധ്യത ഏറുന്നു.