കൊച്ചി: ആക്രമണത്തിനിരയായ നടിക്കെതിരെ ഒരു ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശത്തില്‍ നടന്‍ ദിലീപ് ഖേദം പ്രകടിപ്പിച്ചു. ചാനലില്‍ താന്‍ പറഞ്ഞത് തെറ്റിദ്ധരിക്കപ്പെട്ടു. അതില്‍ ആര്‍ക്കെങ്കിലും മനോവിഷമമുണ്ടെങ്കില്‍ ഖേദിക്കുന്നതായും ദിലീപ് പറഞ്ഞു. താര സംഘടനയായ 'അമ്മ'യുടെ ജനറല്‍ ബോഡി യോഗത്തിലാണ് ദിലീപിന്റെ പരസ്യഖേദപ്രകടനം. 

സംഘടനയുടെ കണക്ക് അവതരിപ്പിക്കുന്നതിനിടെയാണ് ദിലീപിന്റെ ഖേദപ്രകടനം. കഴിഞ്ഞ കുറച്ചു ദിവസമായി ഉയരുന്ന പ്രശ്നങ്ങള്‍ എല്ലാവര്‍ക്കും അറിയമല്ലോ? അതില്‍ താന്‍ ഏറെ വിഷമിക്കുന്നുണ്ട്. സം​ഭവത്തില്‍ തനിക്ക് യാതൊരു പങ്കുമില്ല. തന്റെ ഭാഗത്തുനിന്നുണ്ടായ ഒരു പരാമര്‍ശം ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ അതില്‍ താന്‍ ഖേദിക്കുന്നതായും ദിലീപ് പറഞ്ഞതായി നടന്‍ ശ്രീകുമാര്‍ പറഞ്ഞു. 

നടിക്ക് പള്‍സര്‍ സുനിയുമായി നേരത്തെ പരിചയമുണ്ടായിരുന്നുവെന്നും സുഹൃത്തുക്കളെ തെരഞ്ഞെടുക്കുമ്പോള്‍ സൂക്ഷിക്കണമെന്നുമായിരുന്നു ദിലീപിന്റെ പരാമര്‍ശം. ഇതിനെതിരെ നടിമാരില്‍ ചിലര്‍ രംഗത്തുവരികയും ദിലീപിനെതിരെ വേണ്ടിവന്നാല്‍ കേസ് നല്‍കുമെന്നും സൂചിപ്പിച്ചിരുന്നു. 

അതേസമയം, നടി ആക്രമിക്കപ്പെട്ട സംഭവം അമ്മയുടെ യോഗത്തില്‍ ഉന്നയിച്ചുവെന്ന് നടി റിമ കല്ലിങ്കല്‍ പറഞ്ഞു. എന്നാല്‍ കേസ് ചര്‍ച്ചയായില്ല. സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ച് അമ്മ പിന്തുണ അറിയിച്ചതായും റിമ പറഞ്ഞു. നടിമാരുടെ സുരക്ഷ സംബന്ധിച്ച് അമ്മയ്ക്കും ഫെഫ്കയ്ക്കും മാക്ടയ്ക്കും കത്ത് നല്‍കിയിരുന്നു. അമ്മയുടെ എക്സിക്യൂട്ടീവ് യോഗത്തിലും ഇത് പരിഗണിച്ചിരുന്നു. ഇന്ന് കത്ത് പരിഗണിച്ച് പിന്തുണ അറിയിച്ചുവെന്നും റിമ പറഞ്ഞു.