കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപ് ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഫിയോക്കിന്‍റെ യോഗത്തിനെത്തി. ചലച്ചിത്ര നിർമാതാക്കളുടെയും തീയറ്റർ ഉടമകളുടെയും വിതരണക്കാരുടെയും സംഘടനയായ ഫിയോക്കിന്‍റെ കൊച്ചിയിലെ യോഗത്തിലാണ് ദിലീപ് പങ്കെടുത്തത്. 

നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപ്, ജയിൽ മോചിതനാശേഷം ആദ്യമായാണ് സംഘനയുടെ യോഗത്തിൽ പങ്കെടുക്കുന്നത്. ദിലീപ് മുൻകൈയെടുത്ത് രൂപീകരിച്ച ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരളയുടെ ആദ്യപ്രസിഡന്‍റും ദിലീപായിരുന്നു. പിന്നീട് നടിയെ ആക്രമിച്ച കേസിൽ പ്രതിയായതിനെ തുടർന്ന് ദിലീപിനെ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് നീക്കുകയായിരുന്നു. 

യോഗത്തിനെത്തിയെങ്കിലും വേദിയിലിരിക്കാൻ ദിലീപ് തയ്യാറായില്ല. സാധാരണ അംഗമെന്ന നിലയിൽ സദസ്സിലായിരുന്നു ദിലീപ് യോഗത്തിൽ ഇരുന്നത്. യോഗത്തിലെത്തിയ ദിലീപിനെ ആന്റണി പെരുമ്പാവൂർ അടക്കമുള്ളവർ വേദിയിലേക്ക് ക്ഷണിച്ചെങ്കിലും ദിലീപ് വേദിയിൽ കയറാൻ കൂട്ടാക്കിയില്ല. തിയേറ്റർ സമരത്തെ തുടർന്നുണ്ടായ അഭിപ്രായ വ്യത്യാസത്തിൽ ദിലീപിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സംഘടനയാണ് ഫിയോക്ക്.