കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വീണ്ടും ജാമ്യം നിഷേധിക്കപ്പെട്ടതോടെ നടന്‍ ദിലീപ് ജാമ്യപ്രതീക്ഷ കൈവിടുന്നു. നാലാം തവണയും ജാമ്യം നിഷേധിക്കപ്പെട്ടതിനാല്‍ ഇനി ഹൈക്കോടതിയെ സമീപിച്ചിട്ടും കാര്യമില്ലെന്നാണ് നിയമവിദഗ്ധരുടെ കണക്കുകൂട്ടല്‍. അങ്കമാലി മജിസ്‌ട്രേറ്റിന്റെ ഉത്തരവിനെ സെഷന്‍സ് കോടതിയിലോ ഹൈക്കോടതിയിലോ ചോദ്യം ചെയ്തിട്ട് കാര്യമില്ല. കൂടുതല്‍ തെളിവുകളുമായി പ്രോസിക്യൂഷന്‍ മുന്നോട്ട് വരുന്ന സാഹചര്യത്തില്‍ ഇനി ജാമ്യം പ്രതീക്ഷിക്കേണ്ടതില്ലെന്ന നിഗമനത്തിലാണ് ദിലീപ് ക്യാമ്പ്. 

കുറ്റകൃത്യത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടിയാണ് ജൂലൈയില്‍ ദിലീപിന്‍റെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയത്. പൈശാചികമായ കുറ്റകൃത്യമാണ് നടന്നത്. നിസഹായയായ യുവനടിയെ ആക്രമിച്ച ആക്രമിച്ച കുറ്റകൃത്യമാണിത്. ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട്. ഇക്കാരണത്താല്‍ ദിലീപിന് ജാമ്യം നല്‍കാന്‍ കഴിയില്ലെന്നായിരുന്നു അന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. രണ്ടാം തവണ പോലീസിനെതിരെ ആരോപണങ്ങളുമായാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ സാഹചര്യങ്ങള്‍ക്ക് മാറ്റമില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ജാമ്യം നിഷേധിച്ചു.

തന്റെ മേല്‍ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ പത്ത് വര്‍ഷത്തില്‍ താഴെ മാത്രം ശിക്ഷ ലഭിക്കുന്നതാണ്. അതിനാല്‍ അറുപത് ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയായില്ലെങ്കില്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് വീണ്ടും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. എന്നാല്‍ ദിലീപിന്റെ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി കര്‍ക്കശ നിലപാടാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും സ്വീകരിച്ചത്. പള്‍സര്‍ സുനി ചെയ്ത എല്ലാ കുറ്റകൃത്യങ്ങളുടേയും തുല്യ ഉത്തരവാദിത്തം ദിലീപിനും ഉണ്ടെന്ന് മജിസ്‌ട്രേറ്റ് കോടതി നിരീക്ഷിച്ചു. 

ഈ സാഹചര്യത്തില്‍ ഇനി ഹൈക്കോടതിയെ സമീപിച്ചിട്ട് കാര്യമില്ല. സുപ്രീം കോടതിയെ സമീപിക്കുക എന്നതാണ് മറ്റൊരു പോംവഴി. എന്നാല്‍ നിര്‍ഭയ കേസിന് ശേഷം ഇത്തരം കേസുകളില്‍ കര്‍ക്കശ നിലപാടാണ് സുപ്രീം കോടതിയും സ്വീകരിക്കുന്നത്. ഈ സാഹചര്യത്തില്‍ സുപ്രീം കോടതിയില്‍ പോയാലും തിരിച്ചടിയുണ്ടാകാനാണ് സാധ്യത. ഇന്ത്യയിലെ ആദ്യത്തെ ക്വൊട്ടേഷന്‍ റേപ്പ് എന്ന് വിശേഷിപ്പിക്കപ്പെട്ട കേസ് സുപ്രീം കോടതി അതീവ ഗൗരവത്തോടെ കാണുമെന്ന് ഉറപ്പാണ്. 

സുപ്രീം കോടതിയിലും തിരിച്ചടി നേരിട്ടാല്‍ ജനപ്രിയ നായകന്‍ വിചാരണ പൂര്‍ത്തിയാകുന്നത് വരെ ജയിലില്‍ തുടരേണ്ടി വരും. ദിലീപ് അറസ്റ്റിലായിട്ട് അറുപത് ദിവസം പിന്നിട്ടു. അതിനാല്‍ ഒരു മാസത്തിനകം കുറ്റപത്രം നല്‍കേണ്ടതുണ്ട്. ഒരു മാസത്തിനകം കുറ്റപത്രം നല്‍കിയാല്‍ ദിലീപ് വിചാരണക്കാലയളവ് മുഴുവന്‍ ജയിലില്‍ കഴിയേണ്ടി വരും. ചില കേസുകളില്‍ കുറ്റാരോപിതര്‍ 4-5 വര്‍ഷം വരെ വിചാരണാ തടവുകാരായി ജയിലില്‍ കഴിഞ്ഞിട്ടുണ്ട്.