ആലുവ: നടിയെ ആക്രമിച്ചതിന് പിന്നിലെ ഗൂഢാലോചന കേസില്‍ റിമാന്റില്‍ കഴിയുന്ന ദിലീപിന് കര്‍ശന വ്യവസ്ഥകളോടെയാണ് ഇന്ന് അച്ഛന്റെ ശ്രദ്ധത്തില്‍ പങ്കെടുക്കാന്‍ അനുമതി ലഭിച്ചത്. പൊലീസിന്റെ കര്‍ശന നിയന്ത്രത്തിലും നേല്‍നോട്ടത്തിലുമാണ് എല്ലാം നടന്നത്. കൃത്യമായ നിര്‍ദ്ദേശങ്ങള്‍ കോടതിയും നല്‍കിയിരുന്നു.

ആലുവ ഡി.വൈ.എസ്.പിക്കാണ് ഇന്ന് ആലുവ സബ് ജയിലില്‍ നിന്ന് ദിലീപിനെ പുറത്തെത്തിച്ച് തിരികെ എത്തിക്കുന്നത് വരെയുള്ള സുരക്ഷാ ചുമതല. പുറത്തിറങ്ങുമ്പോള്‍ വീട്ടിലോ മറ്റോ ഉള്ള ആരോടും മറ്റ് കാര്യങ്ങള്‍ സംസാരിക്കരുതെന്നും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇത് നിരീക്ഷിക്കാന്‍ അഞ്ചോളം പൊലീസുകാര്‍ നിഴലുപോലെ ദിലീപിന്റെ ഒപ്പമുണ്ടായിരുന്നു. ഇതിന് പുറമെ ആലുവയിലെ ദിലീപിന്റെ വീടായ പത്മസരോവരത്തിന് ചുറ്റും വന്‍ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്. അന്വേഷണ ഉദ്ദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. നിരവധി പൊലീസ് വാഹനങ്ങളുണ്ടായിരുന്നെങ്കിലും ഒരു വാഹനം മാത്രമാണ് വീടിന്റെ കോമ്പൗണ്ടിലേക്ക് പ്രവേശിച്ചത്.

രാവിലെ എട്ട് മണിയോടെ ജയിലില്‍ നിന്ന് പുറത്തിറക്കിയ ദിലീപിനെ 8.15ഓടെ വീട്ടിലെത്തിച്ചിരുന്നു. വലിയ പൊലീസ് സന്നാഹം ദിലീപിനെ അനുഗമിച്ചു തുടര്‍ന്ന് ആരംഭിച്ച ചടങ്ങുകള്‍ ഒന്‍പത് മണിയോടെ അവസാനിച്ചു. ദിലീപിന്റെ സഹോദരനൊപ്പം മകള്‍ മീനാക്ഷിയും ചടങ്ങുകളില്‍ പങ്കെടുത്തു. 10 മണിക്ക് തിരികെ ജയിലിലെത്തേണ്ടതുണ്ട്. 2008 മുതല്‍ അച്ഛന്റെ ശ്രാദ്ധ ചടങ്ങുകള്‍ താന്‍ മുടങ്ങാതെ എല്ലാ വര്‍ഷവും ചെയ്യാറുണ്ടായിരുന്നെന്നും അതുകൊണ്ട് മാനുഷിക പരിഗണന നല്‍കണമെന്നുമായിരുന്നു ദിലീപിന്റെ ആവശ്യം. നാല് മണിക്കൂര്‍ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും രണ്ട് മണിക്കൂര്‍ മാത്രമാണ് അനുവദിച്ചത്.